ചന്ദ്രഗിരിക്കിപ്പുറം കർണാടകയാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളാണ് കാസർകോടിന്റെ ഉത്തര ഭാഗത്തെ മണ്ഡലങ്ങളായ കാസർകോടിന് വടക്കും മഞ്ചേശ്വരം മണ്ഡലം മുഴുവനായും കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ തുളുനാടിന് കൂടുതൽ അടുപ്പം കർണാടകയോടാണെന്ന് നമുക്കൊക്കെ തോന്നിപ്പോകാറുണ്ട്.
ഈ നാട്ടിലെ ഭക്ഷണ രീതിയിൽ പോലും അത് തെളിഞ്ഞുകാണാം. മലയാളം മീഡിയം സ്‌കൂളുകൾ ഉണ്ടായിരുന്നിട്ട് പോലും മക്കളെ കന്നഡ പഠിപ്പിക്കാൻ തിടുക്കം കൂട്ടുന്ന അച്ഛനമ്മമാരുണ്ട് അവിടെ. വസ്തുത ഇതായിരിക്കേ തങ്ങളുടെ പ്രദേശത്തെ പരിഷ്‌ക്കകരണങ്ങൾക്കും പുരോഗതിക്കും നാനോന്മുഖമായ വികസനത്തിനും കേരളത്തോട് തന്നെ ഒട്ടി നിൽക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായി. സമ്പൽസമൃദ്ധിയുടെ സൗഭാഗ്യങ്ങളിൽ ജീവിക്കുമ്പോഴും ആഢ്യത്വത്തിന്റെ ആടയാഭരണങ്ങൾ ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരിൽ ഒരാളായി മാത്രം ജീവിച്ച ഒരു മനുഷ്യനോടുള്ള ഈഴടുപ്പമായിരിക്കാം ഒരു പക്ഷേ ഈ നിർബന്ധത്തിനു നിമിത്തമായതിൽ ഒന്ന്.
കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകളുടെ ഭാഷാ പരിഷ്‌കാരത്തെ ശക്തമായി പ്രതിരോധിക്കാൻ അവരെ പ്രേരിപ്പിക്കുമ്പോഴും മഞ്ചേശ്വരം മണ്ഡലത്തിലെ തങ്ങളുടെ ജനപ്രതിനിധിയെ അവർ എപ്പോഴും ഹൃദയത്തോട് ചേർത്തു വെച്ചു. അപ്രാപ്യമെന്ന് തങ്ങൾ കരുതുന്ന അധികാരി വർഗത്തിന്റെ സാമ്പ്രദായിക വാർപ്പ് ഭാവങ്ങളെ നിരാസ്പദമാക്കി അദ്ദേഹം അവരിൽ ഒരാളായി ജീവിച്ചു കാണിച്ചു.
വിടപറഞ്ഞ മഞ്ചേശ്വരം എം.എൽ.എ പി.ബി. അബ്ദുറസാഖ് എന്ന മുസ്‌ലിം ലീഗ് നേതാവ് ഓർമിക്കപ്പെടുന്നതും അനിതര സാധാരണമായ ഈ വ്യക്തി പ്രഭാവത്തിലൂടെയായിരിക്കും. പി.ബി. അബ്ദുറസാഖ് എം.എൽ.എയെ നാട്ടുകാർ പ്രിയത്തോടെ വിളിച്ചിരുന്നത് റദ്ദുച്ചയെന്നാണ്. അത്ര മനോഹരമായി തന്നെയാണ് ആ വിളിയെ അദ്ദേഹം സ്വീകരിച്ചിരുന്നതും.
ശ്വാസസംബന്ധമായ അസുഖം അലട്ടിയിരുന്ന അദ്ദേഹത്തെ പനി ബാധിച്ച് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂർഛിച്ച് പി.ബി മരണത്തിന് കീഴടങ്ങി. വലിയ വ്യവസായിയായിരുന്ന അബ്ദുറസാഖ് സ്വപ്രയത്‌ന ഫലമായാണ് രാഷ്ട്രീയത്തിൽ തിളങ്ങിയതും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുതൽ എം.എൽ.എ വരെയായി വളർന്നതും.
മരിക്കുമ്പോൾ മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
പരേതരായ ബീരാൻ മൊയ്തീൻ ഹാജി - ബീഫാത്തിമ ഹജുമ്മ ദമ്പതികളുടെ മകനായി 1955 ലാണ് പി.ബിയുടെ ജനനം. പ്രാദേശിക രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പിച്ച വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ നടത്തിയ വികസനപ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അദ്ദേഹം ലീഗ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. ചെർക്കളം അബ്ദുല്ലയ്ക്ക് ശേഷം കാസർകോട്ട് നിന്നുള്ള ലീഗിന്റെ ശക്തനായ നേതാവ് കൂടിയായിരുന്നു പിബി.
1967 ൽ മുസ്‌ലിം യൂത്ത് ലീഗിലൂടെ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അബ്ദുറസാഖ് ഏഴു വർഷത്തോളം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള റൂറൽ വെൽഫെയർ ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടർ, ജില്ലാ വികസന സ്ഥിരം സമിതിയംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. 2005 മുതൽ 2009 വരെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്ന അദ്ദേഹം അവസാന വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരള റൂറൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. നിലവിൽ നെല്ലിക്കട്ട പി.ബി.എം ഹൈസ്‌കൂൾ ചെയർമാനായിരുന്നു. പാടി എ.എൽ.പി സ്‌കൂളിന്റെയും കൂടാൽ മേർക്കള സ്‌കൂളിന്റെയും മാനേജരായും രഗത്തുണ്ടായിരുന്നു.
എർമാളം ജമാഅത്ത് ജനറൽ സെക്രട്ടറി, നെല്ലിക്കട്ട, നീർച്ചാൽ ജമാഅത്തുകളുടെ പ്രസിഡന്റ്, നായന്മാർമൂല ജമാഅത്ത് വർക്കിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ചെർക്കളം അബ്ദുല്ലയുടെ വിയോഗത്തോടെയാണ് കാസർകോട് സംയുക്ത ജമാഅത്തിന്റെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റത്. സമസ്തയുടെയും സുന്നി മഹല്ല് ഫെഡറേഷന്റെയും നേതൃരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് സംയുക്ത ജമാഅത്തിന്റെ ആക്ടിംഗ് പ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷന്റെ മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു. എർമാളം ജമാഅത്ത് ജനറൽ സെക്രട്ടറി, നെല്ലിക്കട്ട, നീർച്ചാൽ ജമാഅത്തുകളുടെ പ്രസിഡന്റ്, നായന്മാർമൂല ജമാഅത്ത് വർക്കിങ് കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും സേവന നിരതനായി. ജനപ്രതിനിധി എന്ന നിലയിൽ പല നിർണായക ഘട്ടങ്ങളിലും ആദർശം മുറുകെ പിടിച്ചത് വിജയങ്ങളുടെ അടിസ്ഥാന കാരണമായി പറഞ്ഞിരുന്നു അദ്ദേഹം. എല്ലാ നിയമസഭാ തെിരഞ്ഞെടുപ്പുകളിലും കേരളം ആകാംക്ഷയോടെ വീക്ഷിക്കുന്ന പ്രദേശമാണ് കേരളത്തിലെ വടക്കേയറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം. 2011 ൽ അവിടെ കന്നിയങ്കത്തിൽ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിനെ തോൽപപ്പിച്ചാണ് പി.ബി നിയമസഭയിലെത്തുന്നത്. അന്ന് 5828 വോട്ടുകൾക്ക് വിജയിച്ച അദ്ദേഹത്തിന് പിന്നീടുള്ള തെരഞ്ഞെടുപ്പ് കഠിനമായിരുന്നു. സംഘ് പരിവാർ ശക്തമായ വർഗീയ പ്രചാരണം നടത്തിയ 2016 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കെ. സുരേന്ദ്രനെ 89 വോട്ടിന് തോൽപ്പിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയനായി.
കടുത്ത വർഗീയത ഇളക്കിവിട്ട് ബി.ജെ.പി സുരേന്ദ്രനെ എതിരാളിയായി നിർത്തി ആവും വിധത്തിലെല്ലാം കളിച്ചു. മണ്ഡലത്തിൽ ഉജ്വല പോരാട്ടം കാഴ്ചവെച്ച സുരേന്ദ്രനെ ജനങ്ങൾ പക്ഷേ തുണച്ചില്ല. 56,870 വോട്ട് അബ്ദുൽ റസാഖിന് ലഭിച്ചപ്പോൾ സുരേന്ദ്രന് 56,781 വോട്ടുകൾ മാത്രം ലഭിച്ചു. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിന് 42,565 വോട്ടാണ് ലഭിച്ചത്. കേരളം ഉറ്റുനോക്കിയ തെരഞ്ഞടുപ്പായിരുന്നു അത്. പക്ഷേ, അവസാനം വോട്ടെണ്ണുമ്പോൾ 89 വോട്ടുകൾക്കു മാത്രം പി.ബി മുന്നിട്ടു നിന്നത് സംഘ് പരിവാർ പാളയത്തിൽ അസ്വസ്ഥതയുണ്ടാക്കി. സുരേന്ദ്രൻ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യമുന്നയിച്ചു. വീണ്ടും വീണ്ടുമെണ്ണിയപ്പോഴും 89 വോട്ടുകൾക്ക് മുന്നിലുണ്ട്. കേരളത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ഫോട്ടോഫിനിഷിൽ അബ്ദുറസാഖ് 89 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിച്ചു.
കാസർകോട് ജില്ലയുടെയും പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിന്റെയും വികസനത്തിന് വേണ്ടി ആത്മാർത്ഥതയോടെയുള്ള പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ജനപ്രതിനിധിയായാണ് അദ്ദേഹത്തെ പൊതു സമൂഹം കാണുന്നത്. മഞ്ചേശ്വരം പോലെ അവികസിത പ്രദേശത്തിന്റെ സർവതോമുഖ പുരോഗതിക്കു ലഭ്യമായ അവസരങ്ങൾ കക്ഷി രാഷ്ട്രീയത്തിനും സംഘടനാ താൽപര്യങ്ങൾക്കും അതീതമായി നിർവഹിക്കാൻ ശ്രമിച്ചതുകൊണ്ടാണ് വർഗീയ ഫാസിസ്റ്റ് സംഘടിത മുന്നേറ്റത്തെ തടയാൻ സാധിച്ചതെന്നും വിശ്വസിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായ 89 പി.ബി തന്റെ ഭാഗ്യനമ്പർ ആയി കണ്ടു. 89 വോട്ടിന്റെ ഭൂരിപക്ഷം എതിരാളികൾ ഏറ്റെടുത്തപ്പോൾ അതൊരു ഭാഗ്യ നമ്പറായി ആഘോഷിച്ചുകൊണ്ടാണ് അബ്ദുൽ റസാഖ് തിരിച്ചടിച്ചത്.
കെ. സുരേന്ദ്രനെ തോൽപിച്ചതോടെ ഈ നമ്പർ അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാക്കി. വിജയത്തിന് കാരണമായ 89 എന്ന ഭാഗ്യ നമ്പർ കാറിന് നൽകിയ ആദ്യ നിയമസഭാംഗമായിരുന്നു അദ്ദേഹം. പുതിയ കാർ വാങ്ങിയപ്പോൾ ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ട് 89 നമ്പർ തന്നെ അപേക്ഷ നൽകി സ്വന്തമാക്കാൻ ശ്രമിക്കുകയായിരുന്നു പി.ബി. മാത്രവുമല്ല തന്റെ വിജയത്തെ ചോദ്യം ചെയ്ത് എതിർസ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഫയൽ ചെയ്ത കേസിൽ യഥാസമയം സാക്ഷികളെ ഹാജരാക്കാത്തതിനും പ്രവാസികളെ കോടതിയിൽ കൊണ്ടുവരുന്നതിന് വിമാനച്ചാർജ് കെട്ടിവെക്കാത്തതിലും സുരേന്ദ്രനെ കോടതി രൂക്ഷമായി വിമർശിക്കുന്ന തലത്തിലേക്ക് കേസ് തിരിച്ചു വിടാനായി പി.ബിക്ക്.
പ്രവാസികളോട് വല്ലാത്ത അടുപ്പം പുലർത്തിയിരുന്ന അദ്ദേഹം കെ.എം.സി.സി, സി.എച്ച് സെന്റർ, ബൈത്തു റഹ്മ, ശിഹാബ് തങ്ങൾ വെൽഫെയർ അസോസിയേഷൻ തുടങ്ങിയവയിലെല്ലാം നിർലോഭമായ ഉദാരമതിയായിരുന്നു. ഒരുപാട് പ്രസംഗിക്കലല്ല, പ്രവർത്തിക്കലാണ് ഉദാത്തമെന്ന് വിശ്വസിക്കുന്നയാളായിരുന്നു ആ കർമ്മയോഗി. മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ കാസർകോട്ടുകാരുടെ ആലാപന സൗകുമാര്യവും ആസ്വാദന മനസ്സും പി.ബിക്കും ലഭിച്ചിരുന്നു.
ഇശലിന്റെ ഒരു ഈരടിയെങ്കിലും മൂളാതെ പ്രവാസി സംഗമങ്ങളിൽനിന്ന് ഒരൊറ്റ വേദിയും വിട്ട് റദ്ദുച്ച ഇറങ്ങിപ്പോയിരുന്നില്ല. ഏതു തിരക്കിനിടയിലും സദസ്സിന്റെ അഭ്യർത്ഥന മാനിക്കുന്നതിനും ആ ജനനായകന് മടിയുണ്ടായില്ല. എല്ലാം ഓർമയാകുമ്പോൾ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞത് പോലെ തുളുനാടിന് നഷ്ടമാകുന്നത് അവരുടെ വികസന നായകനെയാണ്.