തായിഫ് - ഉത്തര തായിഫിലെ ശറഫിയ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന മൊത്ത വ്യാപാര സ്ഥാപനം തായിഫ് നഗരസഭ അടപ്പിച്ചു. സ്ഥാപനത്തിന് പിഴ ചുമത്തിയിട്ടുമുണ്ട്. മോശം രീതിയിൽ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും സൂക്ഷിച്ചതും മോശം ശുചീകരണ നിലവാരവും തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്തതുമാണ് സ്ഥാപനം അടപ്പിക്കുന്നതിന് കാരണം. മോശം രീതിയിൽ സൂക്ഷിച്ചതിനാൽ ഉപയോഗശൂന്യമായ ഇരുനൂറിലേറെ കാർട്ടൺ ശീതള പാനീയങ്ങളും എനർജി ഡ്രിങ്കുകളും 100 കിലോ മൈദയും നഗരസഭാധികൃതർ സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്തു. ഈ സ്ഥാപനവുമായി ഇടപാടുകൾ നടത്തുന്ന ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തി വിൽപനക്ക് പ്രദർശിപ്പിച്ച ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പദവി ശരിയാക്കുന്നതിന് സ്ഥാപനത്തിന് സാവകാശം അനുവദിച്ചു. പദവി ശരിയാക്കിയ ശേഷമല്ലാതെ സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അനുവദിക്കില്ലെന്ന് തായിഫ് നഗരസഭ വ്യക്തമാക്കി.