ഗീത മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു 

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗീത മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കോമഡി ചിത്രം ജോണി ജോണി യെസ് അപ്പായിലൂടെയാണ് ഗീതയുടെ തിരിച്ചു വരവ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സ് എന്ന ചിത്രത്തിലാണ് അവസാനമായി മലയാളത്തില്‍ ഗീത അഭിനയിച്ചത്. ജോണി ജോണി യെസ് അപ്പായിയിലൂടെ കുഞ്ചാക്കോ ബോബന്റെ അമ്മയായാണ് ഗീത തിരിച്ചെത്തുന്നത്. രാമന്റെ ഏദന്‍തോട്ടം എന്ന ജനപ്രിയ  ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാര്‍ത്താണ്ഡനാണ്. പൃഥ്വിരാജിന്റെ പാവാട എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് മുഴുനീള കോമഡിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.തെലുങ്ക്, കന്നഡ ചിത്രങ്ങള്‍ ചെയ്തു കൊണ്ടിരിക്കവേയാണ് ഗീത മലയാളത്തിലേക്ക് അരങ്ങേറുന്നത്. പഞ്ചാഗ്‌നി ആയിരുന്നു ആദ്യ ചിത്രം. ശേഷം സുഖമോ ദേവി, അമൃതം ഗമയ , അഭിമന്യു, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, ഇന്ദ്രജാലം, ലാല്‍ സലാം, തലസ്ഥാനം, ഏകലവ്യന്‍, വാത്സല്യം തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങളുടെ ഭാഗമായി ഗീത.
കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹ്യൂമര്‍ പായ്ക്ക്ഡ് കുടുംബ ചിത്രമാണ് ജോണി ജോണി യെസ് അപ്പാ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ് രാജനാണ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. 

Latest News