ന്യൂദൽഹി- ജലന്ധർ മുൻ ബിഷപ്പ് ഫാദർ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഫാ. കുര്യാക്കോസ് കാട്ടുതറയെയാണ് ഇന്ന് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിന് സമീപം ദസ്‌വയിലാണ് ഫാദർ കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്രാങ്കോ മുളയ്ക്കൽ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരൻ ജോയ് ആരോപിച്ചു. കുര്യാക്കോസിന്റെ കാറും വീടും തല്ലിപ്പൊളിച്ചിരുന്നുവെന്നും അദ്ദേഹം മാനസിക സമർദ്ദത്തിലായിരുന്നുവെന്നും സഹോദർ ജോയ് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം ലഭിച്ച് തിരിച്ചെത്തിയ ശേഷം മാനസിക സമർദ്ദം കൂടിയെന്നും ജോയ് പറഞ്ഞു.
രക്തം ഛർദിച്ച് മരിച്ച നിലയിലാണ് കുര്യാക്കോസ് കാട്ടുതറയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. കിടക്കയിൽ ഛർദിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വീടിനകത്ത് അസ്വാഭാവിക കാര്യങ്ങൾ കണ്ടെത്തിയതായി പോലീസ് പറയുന്നു. വീടിനകത്തെ പല വസ്തുക്കളും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ കുർബാനക്ക് കാണാതിരുന്നതിനെ തുടർന്നാണ് ജോലിക്കാരൻ എത്തി വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നത്.
മരണത്തിൽ ദുരൂഹതയില്ലെന്നാണ് രൂപത അധികൃതർ നൽകുന്ന വിശദീകരണം. നിരവധി അസുഖങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നാണ് രൂപത പറയുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകിയതിൽ മുൻ പന്തിയിലായിരുന്നു ഫാ. കുര്യാക്കോസ് കാട്ടുതറ. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളിൽ പലരും ഫാ. കാട്ടുതറയുടെ ശിഷ്യരായിരുന്നു.






