സ്വന്തം ചെലവ് വഹിക്കാന്‍ ശേഷിയുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് ജീവനാംശം നല്‍കേണ്ടെന്ന് കോടതി

മുംബൈ- സ്വന്തമായി ജീവിത ചെലവുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭാര്യയ്ക്ക് ഭര്‍ത്താവ് ചെലവിനു നല്‍കേണ്ടതില്ലെന്ന് മുംബൈയിലെ ഒരു സെഷന്‍സ് കോടതി. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യയ്ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന വിഖോളി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ 35കാരനായ യുവാവ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് കോടതി വിധി. നലസോപാറ സ്വദേശിയായ ഹര്‍ജിക്കാരനുമായി ഏറെ നാളായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. സാലറി സര്‍ട്ടിഫിക്കറ്റില്‍ ഭാര്യ പ്രതിമാസം 18,000 രൂപ വരെ ശമ്പളം പറ്റുന്നുണ്ടെന്ന് വ്യക്തമാണ്. ഹര്‍ജിക്കാരന്‍ ഭാര്യയ്ക്ക് 6,000 രൂപ ഇടക്കാല ജീവനാംശമായി നല്‍കണമെന്ന വിധി പറയുമ്പോള്‍ ഈ വസ്തുത മജിസ്്‌ട്രേറ്റ് കോടതി കണക്കിലെടുത്തില്ല. യുവതിക്ക് സ്വന്തമായി ജീവിത ചെലവുകള്‍ വഹിക്കാന്‍ കഴിയുമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നിരിക്കെ അവര്‍ ഇടക്കാല ജീവനാംശത്തിന് അര്‍ഹയല്ല- കോടതി വിധി വ്യക്തമാക്കുന്നു.

ഹരജിക്കാരനെതിരെ ഭാര്യ വിഖ്രോളി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയുന്നു. ഇതിന്മേലാണ് കോടതി ഭര്‍ത്താവായ ഹര്‍ജിക്കാരന്‍ 6000 രൂപ ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ടത്. ഇതില്‍ രണ്ടായിരം രൂപ രണ്ടു മക്കള്‍ക്കായി നല്‍കണമെന്നും കോടതി ഉത്തരിവിട്ടിരുന്നു. മക്കള്‍ക്കുള്ള തുകയെ യുവാവ് ചോദ്യം ചെയ്തില്ല. ഭാര്യയ്ക്ക് ചെലവിന് നല്‍കേണ്ടെന്ന് കോടതി വ്യക്തമാക്കിയെങ്കിലും മക്കള്‍ക്ക് നേരത്തെ വിധിച്ച തുക നല്‍കേണ്ടി വരും.
 

Latest News