കാസർകോട്- റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് കാസർകോട് സ്വദേശി തട്ടിയത് കോടികളെന്ന് സൂചന. കാസർകോട് ജില്ലയിലെ പലരും ഇയാളുടെ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ട്. മുന്നൂറിൽപരം ഉദ്യോഗാർഥികളിൽ നിന്നായി രണ്ടു ലക്ഷം മുതൽ 15 ലക്ഷം വരെയാണ് ഇയാൾ പലരിൽ നിന്നും തട്ടിയെടുത്തതെന്നാണ് വിവരം. കാസർകോട് പരപ്പ കമ്മാടത്തെ ഉഡായിപ്പ് ഷമീം എന്ന ഷമീമി(28)നെ തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. പത്ത് കോടിയിലേറെ രൂപ ഇയാൾ പലരിൽ നിന്നും സമ്പാദിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ചീഫ് എക്‌സാമിനറാണെന്ന് പറഞ്ഞ് റെയിൽവേയുടെ വിവിധ തസ്തികകളിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയത്. തട്ടിപ്പിനിരയായവർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശന് നൽകിയ പരാതിയിലാണ് ഷമീം അറസ്റ്റിലായത്. പരാതി ലഭിച്ചയുടൻ കൺട്രോൾ റൂം അസി. കമ്മീഷണർ വി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ഷാഡോ പോലീസ് സംഘമാണ് ഷമീമിനെ പിടികൂടിയത്. ഇയാളിൽ നിന്നും നിരവധി മൊബൈൽ ഫോണുകൾ, റെയിൽവേയുടെ പേരിൽ അച്ചടിച്ച നിരവധി വ്യാജ രേഖകൾ, റെയിൽവേ മുദ്രയുള്ള വ്യാജ സീലുകൾ, നോട്ട് എണ്ണുന്ന യന്ത്രം, കർണാടക സർക്കാരിന്റെ വ്യാജ സാലറി സർട്ടിഫിക്കറ്റ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്കായി തയാറാക്കിയ വ്യാജ രേഖകൾ എന്നിവയും കണ്ടെടുത്തു. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പത്താം ക്ലാസ് വരെ പഠിച്ച ഷമീമിന് ആറോളം ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. 2012 ൽ റെയിൽവേ പാൻട്രി വിഭാഗത്തിൽ ആറു മാസത്തോളം ഇയാൾ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് ലഭിച്ച അറിവു വെച്ച് ഇന്റർനെറ്റിൽ കൂടി കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് ഇയാൾ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ പേരിൽ തട്ടിപ്പ് നടത്തിയത്. സാമ്പത്തിക തട്ടിപ്പ്, ആൾമാറാട്ടം എന്നിവ നടത്തിയതിന് തമ്പാനൂർ, എറണാകുളം നോർത്ത്, കോട്ടയം ഈസ്റ്റ്, തൃശൂർ അയ്യന്തോൾ, മാനന്തവാടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഷമീമിനെതിരെ കേസുകളുണ്ട്. കോടികളുടെ തട്ടിപ്പ് നടത്താൻ ഇയാൾക്ക് റെയിൽവേ ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.






