അബുദാബി- ടൂറിസ്റ്റ്, വിസിറ്റ് വിസകള്‍ രാജ്യം വിടാതെ തന്നെ പുതുക്കുന്നതിന് അവസരം നല്‍കിയുള്ള പരിഷ്കരിച്ച യു.എ.ഇ വിസാ നിയമം നിലവില്‍ വന്നു.
ഇതനുസരിച്ച്, സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വിസ മാറാം. സന്ദര്‍ശക വിസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വിസ എടുക്കാനോ പുതുക്കാനോ സാധിക്കും.
ഇതുവരെ, രാജ്യത്ത് തൊഴില്‍ അന്വേഷിച്ച് വിസിറ്റ് വിസയില്‍ ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വിസ പുതുക്കാന്‍ നാട്ടിലേക്കോ അല്ലെങ്കില്‍ സമീപ രാജ്യങ്ങളിലേക്കോ പോകുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്. പരിഷ്കരിച്ച നിയമം ലക്ഷക്കണക്കിന് പേര്‍ക്ക് പ്രയോജനകരമാകും.
18 വയസ്സ് പിന്നിട്ട വിദ്യാര്‍ഥികള്‍ക്കും ആശ്രിതര്‍ക്കും ഒരു വര്‍ഷ കാലാവധിയുള്ള വിസ അനുവദിക്കുന്നതിനും പുതിയ നിയമം അനുശാസിക്കുന്നു. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി വിസ പുതുക്കാനുള്ള അവസരമുണ്ട്.
വിധവകള്‍ക്കും വിവാഹമോചനം ചെയ്യപ്പെട്ട വനിതകള്‍ക്കും അവരുടെ കുട്ടികള്‍ക്കും സ്‌പോണ്‍സറില്ലാതെ ഒരു വര്‍ഷത്തേക്ക് താമസ കാലാവധി ദീര്‍ഘിപ്പിക്കുമെന്നും പരിഷ്കരിച്ച വിസാ നിയമം വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്കും ആശ്രിതര്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.
മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ യൂനിവേഴ്‌സിറ്റികളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിസ കാലാവധി നീട്ടിനല്‍കും. 18 കഴിഞ്ഞ മക്കളെ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് മാറ്റണമെന്ന നിബന്ധനയിലാണ് ഇളവ്. കോഴ്‌സ് പൂര്‍ത്തിയാക്കുംവരെയുള്ള കാലയളവിലേക്കാണ് വിസ പുതുക്കിനല്‍കുക.






