ദോഹ- കനത്ത മഴ ദോഹയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. സ്കൂളുകളും ഓഫീസുകളും അവധി പ്രഖ്യാപിച്ചു. യു.എസ് എംബസി അടക്കം നയതന്ത്രകാര്യാലയങ്ങളും വിദേശ സര്‍വകലാശാല കാമ്പസുകളും പ്രവര്‍ത്തിക്കുന്നില്ല. മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. ഒരു വര്‍ഷം കുട്ടുന്ന മഴയാണ് ഒറ്റദിവസം ഖത്തറില്‍ പെയ്തത്.
ദോഹയുടെ പ്രാന്തമായ അല്‍ ഹമൂറില്‍ 61 എം.എം മഴയാണ് പെയ്തത്. ദോഹയിലെ ശരാശരി വാര്‍ഷിക മഴപ്പെയ്ത്ത് 77 എം.എം. മാത്രമാണ്. കനത്ത മഴ വിമാന ഗതാഗതത്തെയും ബാധിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 9 വിമാനങ്ങള്‍ ഒമാനിലേക്കും കുവൈത്തിലേക്കും തിരിച്ചുവിട്ടു. രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകിയതായും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

മഴ മൂലം കനത്ത വെള്ളക്കെട്ടാണുണ്ടായത്. വാഹനങ്ങള്‍ പലേടത്തും നിര്‍ത്തിയിടേണ്ടി വന്നു. ന്യൂനമര്‍ദമാണു കനത്ത മഴക്കു കാരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റോടു കൂടി മഴ തുടരാന്‍ സാധ്യതയുണ്ട്. രാവിലെ ഒന്‍പതരയോടെ ശക്തമായ ഇടിമിന്നലോടെ ആരംഭിച്ച മഴ ഉച്ചക്കു ശേഷമാണു ശമിച്ചത്. മഴക്കൊപ്പം ശക്തമായ കാറ്റുമെത്തിയതോടെ പല സ്ഥലങ്ങളിലും ദൃശ്യപരിധി കുറഞ്ഞു.
അബു ഹമൂര്‍, ഹോള്‍സെയില്‍ മാര്‍ക്കറ്റ്, ഹിലാല്‍, മാമൂറ, മിസൈമീര്‍, ബര്‍വ എന്നിവിടങ്ങളില്‍ മിക്ക റോഡുകളിലെയും ഗതാഗതം പ്രതിസന്ധിയിലായി. സല്‍വ റോഡിലേക്കുള്ള കണക്ഷന്‍ റോഡുകളിലൂടെയും യാത്ര സാധ്യമായില്ല. വെള്ളം കയറിയ അടിപ്പാതകള്‍ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. അല്‍ മസ്സില, അല്‍ സദ്ദ്, അല്‍ റയ്യാന്‍/22 ഫെബ്രുവരി റോഡ്, ഇമിഗ്രേഷന്‍ ഇന്റര്‍സെക്ഷന്‍, അല്‍ റയ്യാന്‍ റോഡ്, ഒമര്‍ ബിന്‍ അല്‍ ഖത്തബ് ടണല്‍ എന്നിവയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഖത്തര്‍ ഫൗണ്ടേഷന്‍(ക്യുഎഫ്) ആസ്ഥാനം, ക്യുഎഫ് സെന്ററുകള്‍, എജ്യുക്കേഷന്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയാണ്. ജീവനക്കാരോടും, വിദ്യാര്‍ഥികളോടും റോഡ് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ക്യുഎഫ് അഭ്യര്‍ഥിച്ചു.






