ഭുവനേശ്വര്‍- ഒഡീഷയിലെ ബൊലാംഗിര്‍ ജില്ലയിലെ ഉന്ദെയ് നദിയില്‍ നിന്ന് ബാലന്റെ ഛേദിക്കപ്പെട്ട തല കണ്ടെടുത്ത സംഭവത്തിലെ ദുരൂഹത നീങ്ങി. ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്താന്‍ വീട്ടുകാരറിയാതെ സഹോദരനും അമ്മാവനും ചേര്‍ന്ന് ഒമ്പതു വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ബാലന്റെ സഹോദരന്‍ ശോഭാബന്‍ റാണ, അമ്മാവന്‍ കുഞ്ച റാണ എന്നിവരെ അറസ്റ്റ് ചെയ്തു. ഒമ്പതു വയസ്സുകാരന്‍ ഗണശ്യാം റാണയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
തങ്ങളുടെ ആഗ്രഹ സഫലീകരണത്തിനാണ് ക്രൂരമായ മനുഷ്യ ബലി നടത്തിയതെന്നും പ്രതികള്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് തിത്‌ലഗഡ് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സരോജ് മൊഹപത്ര പറഞ്ഞു. ബൊലാംഗിര്‍ ജില്ലയിലെ സുന്ധിമുണ്ഡ ഗ്രാമത്തില്‍ ഒക്ടോബര്‍ 13നാണ് സംഭവം നടന്നത്. മന്ത്രവാദവും കൂടോത്രങ്ങളും ഇവിടെ പതിവാണ്. കഴിഞ്ഞ വര്‍ഷവും ദുര്‍ഗാ പൂജാ സമയത്ത് സമാന സംഭവം ഇവിടെ നടന്നിരുന്നു. പല സംഭവങ്ങളില്‍ പ്രാദേശിക തന്ത്രിമാരാണ് ജനങ്ങളെ ഇത്തരം കൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഒഡീഷയിലെ ഗ്രാമീണ മേഖലകളില്‍ അന്ധമായ ഇത്തരം ആചാരങ്ങള്‍ വ്യാപകമാണ്.