പോലീസുകാരനെ തല്ലിയ ബി.ജെ.പി കൗണ്‍സിലര്‍ അറസ്റ്റില്‍

മീറത്ത്-ദസറ ആഘോഷത്തിന്റെ ഭാഗമായി പെണ്‍ സുഹൃത്തിനോടൊപ്പമെത്തിയ പോലീസുകാരനെ കൈകാര്യം ചെയ്ത സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലറായ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ഭക്ഷണം വിളമ്പാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കയ്യേറ്റത്തിലും അറസ്റ്റിലും കലാശിച്ചത്. യൂനിഫോമിലെത്തിയ പോലീസുകാരനും കൂടെ ഉണ്ടായിരുന്ന സ്ത്രീയും ഹോട്ടല്‍ ജീവനക്കാരോട് കയര്‍ക്കുന്ന ദൃശ്യം ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. സ്ത്രീ തോക്കെടുത്ത് ഹോട്ടല്‍ ഉടമ മുനീഷ് കുമാറിനു നേരെ ചൂണ്ടുന്നതും വീഡിയോയിലുണ്ട്. പോലീസുകാരനും മദ്യപിച്ചിരുന്നുവെന്ന് പറയുന്നു. മൊഹിയുദ്ദീന്‍പുര്‍ പോലീസ് പോസ്റ്റിലെ പോലീസുകാരന്‍ സുഖ്്പാല്‍ സിംഗ് പവാറിനെ മര്‍ദിച്ചുവെന്നാണ് കേസ്. തളര്‍ന്ന് താഴെ വീഴുന്നതുവരെ പോലീസുകാരനെ ഹോട്ടല്‍ ഉടമ തല്ലിയിരുന്നു. സ്ത്രീ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ഇവരുടെ ഫോണ്‍ ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ കൈക്കലാക്കി. തുടര്‍ന്ന് സ്ത്രീ പ്ലേറ്റും ഗ്ലാസും വലിച്ചെറിഞ്ഞ് ഹോട്ടലിന് കേടുപാട് വരുത്തി. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയെന്ന് ഹോട്ടല്‍ ഉടമയാണ് പോലീസിനെ വിളിച്ചറിയിച്ചത്.
സ്വയം പ്രതിരോധത്തിനാണ് ഹോട്ടല്‍ ഉടമ പോലീസുകാരനെ തല്ലിയതെന്ന്് ബി.ജെ.പി എം.എല്‍.എ വിജയ്പാല്‍ സിംഗ് തോമര്‍ പറഞ്ഞു.

 

Latest News