ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ഭാഗ്പത് ജില്ലയില്‍ 72-കാരനായ വയോധികന്‍ കുരങ്ങുകളുടെ 'ഇഷ്ടികയേറില്‍' കൊല്ലപ്പെട്ട സംഭവത്തില്‍ പുലിവാലു പിടിച്ച് പോലീസ്. മൂന്ന് ദിവസം മുമ്പാണ് തിക്രി ഗ്രാമത്തില്‍ ധരംപാല്‍ എന്ന വയോധികന്‍ കുരങ്ങുകളുടെ വികൃതിയില്‍ കൊല്ലപ്പെട്ടത്. 'കുറ്റക്കാരായ' കുരങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കുടുംബം രംഗത്തെത്തിയത് പോലീസിനെ കുഴക്കിയിരിക്കുകയാണ്. വിറകു ശേഖരിക്കാന്‍ പോയ ധരംപാലിനെ കുരങ്ങുകള്‍ കൂട്ടം ചേര്‍ന്ന് ഇഷ്ടികയെറിഞ്ഞ് കൊല്ലുകയായിരുന്നെന്ന് സഹോദരന്‍ കൃഷ്ണപാല്‍ സിങ് പറയുന്നു. തലയിലും നെഞ്ചിലും ഇഷ്ടികയേറു കൊണ്ടാണ് ധരംപാലിന് പരിക്കേറ്റതെന്നും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കുരുങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിന് രേഖാമൂലം പരാതിയും കുടുംബം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതൊരു അപകടമാണെന്നാണ് പോലീസ് പറയുന്നത്. കുടുംബത്തിന്റെ ആരോപണം തള്ളിയ പോലീസ് പറയുന്നത് ഇങ്ങനെ: കൊല്ലപ്പെട്ട ധരംപാല്‍ ഇഷ്ടികക്കൂട്ടത്തിനു സമീപം ഉറങ്ങുകയായിരുന്നു. അടുക്കിവച്ച ഇഷ്ടികക്കൂട്ടത്തിനു മുകളിലേക്ക് കുരങ്ങുകള്‍ കൂട്ടമായി ചാടിക്കയറിയോതെ ഇവ ഉറങ്ങിക്കിടക്കുകയായിരുന്ന ധരംപാലിന്റെ മേലിലേക്കു അവ മറിഞ്ഞു വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ധരംപാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുരങ്ങകള്‍ക്കെതിരെ ലഭിച്ച പരാതി എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ പോലീസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.