തിരുവനന്തപുരം- ശബരിമല ക്ഷേത്രത്തില്‍ സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയുടെ മറവില്‍ കലാപത്തിന് കോപ്പു കൂട്ടി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കു മേല്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. സംഘപരിവാര്‍ അനുകൂലികളുടെ നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്. വര്‍ഗീയ വിദ്വേഷം പരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 38 പേര്‍ക്കെതിരെ തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് കേസെടുത്തു. കൊല്ലം തോട്ടത്തറ സ്വദേശി വി.ആര്‍ വിജീഷ് എന്നയാളെ അറസ്റ്റ് ചെയ്തു. നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് 25 പേര്‍ക്കെതിരെ കേസ്. ഐ.ജി മനോജ് എബ്രഹാമിനെതിരെ വധഭീഷണി മുഴക്കിയ 13 പേര്‍ക്കെതിരേയും പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങല്‍ സൈബര്‍ പോലീസും ഹൈടെക്ക് സെല്ലും നിരീക്ഷിച്ചു വരികയാണ്.
15ഓളം യുവതികള്‍ ശബരിമല കയറാന്‍ വരുന്നുണ്ടെന്നും ഇവരെ തടയണമെന്നും ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശം സംഘപരിവാര്‍ അനൂകൂല ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതു വ്യാജമാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ സമീപിച്ചിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും കലക്ടര്‍ അറിയിച്ചു. സന്നിധാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് സ്ഥിതിഗതികള്‍ ശാന്തമാണെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ തിരുച്ചിറപ്പള്ളിയില്‍ നിന്നെത്തിയ ഭക്തയെ നടപ്പന്തലില്‍ ചിലര്‍ തടഞ്ഞു. ഇവരുടെ പ്രായത്തെ ചോദ്യം ചെയ്ത് ഏതാനും ഭക്തര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഐഡി കാര്‍ഡ് കാണിച്ച് വയസ്സ് 52 ആണെന്ന് വ്യക്തമാക്കിയതോടെ ഇവരെ വിട്ടു. തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി ഇവര്‍ സന്നിധാനത്തെത്തി. ഭര്‍ത്താവും മകനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.