16 പ്രതികള്‍ക്ക് 18 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ജയില്‍
നാലു പ്രതികളുടെ ശിക്ഷ നവംബര്‍ ഒന്നിനു വിധിക്കും
ലണ്ടന്‍- പെണ്‍കുട്ടികളുമായി സൗഹൃദമുണ്ടാക്കിയ ശേഷം മയക്കുമരുന്ന് നല്‍കിയും മറ്റും പീഡിപ്പിച്ച ഏഷ്യന്‍ വംശജരുടെ സംഘത്തിന് ബ്രിട്ടനില്‍ ശിക്ഷ വിധിച്ചു. 20 അംഗ സംഘത്തിലെ 16 പേര്‍ക്ക് 18 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് ജയില്‍ ശിക്ഷ. നാലു പേരുടെ ശിക്ഷ നവംബര്‍ ഒന്നിനു വിധിക്കും.
വെസ്റ്റ് യോര്‍ക്‌ഷെയറിലാണ് സംഘം നിരവധി കുട്ടികളെ സൗഹൃദം നടിച്ച് വരുതിയിലാക്കി ലൈംഗികമായി ദുരുപയോഗം ചെയ്തത്. സംഘത്തലവന്‍ 35 കാരനായ അമേരെ സിംഗ് ധാലിവാളിന് വിവിധ കുറ്റങ്ങള്‍ക്ക് 18 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് വിധിച്ചു. നിരവധി കുട്ടികളെ ബലാത്സംഗം ചെയ്ത ഇയാള്‍ക്കെതിരെ 54 കുറ്റങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂര കുറ്റകൃത്യങ്ങളാണ് ഈ സംഘം 15 പെണ്‍കുട്ടികള്‍ക്കു നേരെ നടത്തിയതെന്ന് ജഡ്ജി ജഫ്രി മാര്‍സണ്‍ പറഞ്ഞു.
പെണ്‍കുട്ടികളേയും യുവതികളേയും വശീകരിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിച്ചിരുന്നതായി ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഗ്രൂമിംഗ് ഗാങാണ് ഇത്. സംഘം ഉള്‍പ്പെട്ട കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ നല്‍കുന്നതിന് നേരത്തെ കോടതിയുടെ വിലക്കുണ്ടായിരുന്നു. ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വിലക്ക് നീക്കിയത്. പ്രതികളില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരും മുസ്്‌ലിംകളുമാണ്. ലീഡ്‌സ് ക്രൗണ്‍ കോടതിക്കു പുറത്ത് പ്രതികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍ കാണിക്കാന്‍ ഇസ്്‌ലാം വിരുദ്ധ ആക്ടിവിസ്റ്റായ ടൊമ്മി റോബിന്‍സണ്‍ നടത്തിയ ശ്രമം വിചാരണക്കിടെ വിവാദമായിരുന്നു. അന്ന് വിചാരണ നിര്‍ത്തിവെച്ച സംഭവമാണ് മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ കാരണം.
ഹഡ്ഡേഴ്‌സ് ഫീല്‍ഡില്‍ താമസിക്കുന്നവരാണ് സംഘത്തിലുള്ള ഭൂരിഭാഗവും. 11 വയസ്സു മുതല്‍ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനു മുമ്പ് എങ്ങനെ മദ്യവും മയക്കുമരുന്നും നല്‍കി വശീകരിച്ചുവെന്നാണ് മൂന്ന് വിചാരണകളില്‍ ജഡ്ജിമാര്‍ പ്രതികളില്‍ നിന്നും പ്രോസിക്യൂഷനില്‍ നിന്നും കേട്ടത്. കാര്‍ പാര്‍ക്കിംഗിലും ഹോട്ടലുകളിലും സ്‌നൂക്കര്‍ ഹാളുകളിലും മറ്റും കൊണ്ടുപോയാണ് സംഘാംഗങ്ങള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്.
2004 മുതല്‍ 2011 വരെയുള്ള കാലത്താണ് 15 പെണ്‍കുട്ടികള്‍ ഇവരുടെ വലയിലായത്. 11-12 വയസ്സായ ഒരു പെണ്‍കുട്ടിയെ കെയര്‍ ഹോമില്‍നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. തങ്ങളെ എങ്ങനെയാണ് സംഘാംഗങ്ങള്‍ വശീകരിച്ചതെന്ന് ഇരകള്‍ വിശദീകരിച്ചിരുന്നു. ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ സംഘത്തിലുള്ളവര്‍ ഓരോരുത്തരായി ബലാത്സംഗം ചെയ്യുകയായിരുന്നു പതിവ്. ഗര്‍ഭനിരോധന ഉറകളായി ഇവര്‍ ഉപയോഗിച്ചിരുന്ന് പ്ലാസ്റ്റിക് സഞ്ചികളായിരുന്നു.
സംഘത്തലവനായ ധാലിവാള്‍ അംഗങ്ങള്‍ക്ക് ഡ്രാക്കുള, ബീസ്റ്റീ, ചില്ലര്‍ തുടങ്ങിയ പേരുകളാണ് നല്‍കിയിരുന്നത്. നിരവധി ബലാത്സംഗങ്ങള്‍ ചെയ്ത രണ്ട് മക്കളുടെ പിതാവായ ഒരു പ്രതി കുട്ടികളെ വേശ്യാവൃത്തിക്കായി മേഖലയിലുടനീളം കടത്തിയിരുന്നുവെന്നും വീഡിയോകള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിരുന്നു.
വീടുകളിലും മറ്റും പ്രശ്‌നങ്ങള്‍ നേരിടുകയും ഒറ്റപ്പെടുകയും ചെയ്ത പെണ്‍കുട്ടികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അിടമയായ ഒരു സ്ത്രീയുടെ മകളും സംഘത്തിന്റെ കൈകളില്‍ എത്തിപ്പെട്ടു. സംഘത്തലവനു പുറമെ, ഇര്‍ഫാന്‍ അഹ്്മദ് (34), സാഹിദ് ഹസ്സന്‍ (29), മുഹമ്മദ് കമ്മര്‍ (34), മുഹമ്മദ് റിസ്‌വാന്‍ അസ്്‌ലം (31), രാജ് സിംഗ് ബര്‍സാന്‍ (34), അബ്ദുല്‍ റഹ്്മാന്‍ (31), നഹ്്മാന്‍ മുഹമ്മദ് (32), മന്‍സൂര്‍ അഖ്തര്‍ (27), വിഖാസ് മഹ്മൂദ് (38), നസ്രത്ത് ഹുസൈന്‍ (30), സാജിദ് ഹുസൈന്‍ (33), മുഹമ്മദ് ഇര്‍ഫാസ് (30), ഫൈസല്‍ നദീം (32), മുഹമ്മദ് അസീം (33), മന്‍സൂര്‍ ഹസ്സന്‍ (38), നിയാസ് അഹ്്മദ് (54), മുഹമ്മദ് ഇംറാന്‍ ഇബ്രാര്‍ (34), ആസിഫ് ബഷീര്‍ (33), മുഹമ്മദ് അക്രം (33) എന്നിവരാണ് പ്രതികള്‍.