അബുദാബി- കേരളത്തില്‍ വ്യോമയാനം, ഡിസ്ട്രിക്ട് കൂളിങ് സംവിധാനം, കൃഷി, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്ന് അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മുബാദല നിക്ഷേപ കമ്പനി അറിയിച്ചു. സംസ്ഥാനത്തെ നിക്ഷേപാനുകൂല അന്തരീക്ഷവും നിക്ഷേപ അവസരങ്ങളും വിവരിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
പെട്രോ കെമിക്കല്‍ കോംപ്ലക്‌സ്, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഫൂഡ് പ്രൊസസിങ് യൂണിറ്റ് തുടങ്ങിയ മേഖലകള്‍ നിക്ഷേപത്തിന് ലഭ്യമാണെന്നും നിക്ഷേപകര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ വിശദീകരിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തിന് 300 ഏക്കര്‍ സ്ഥലം തയാറാണെന്നും അദ്ദേഹം അറിയിച്ചു.
ചര്‍ച്ചയില്‍ ഐസിടി ആന്‍ഡ് എയറോസ്‌പേസ് സിഇഒ ഖാലിദ് അല്‍ ഖുബൈസി, പെട്രൊകെമിക്കല്‍സ് ഡയറക്ടര്‍ ഖല്‍ഫാന്‍ സഈദ് ഖംസി, മെറ്റല്‍സ് ആന്‍ഡ് മൈനിങ് ഡയറക്ടര്‍ മുഹമ്മദ് എച്ച്.അല്‍ സുവൈദി, ഗവണ്‍മെന്‍റ് അഫയേഴ്‌സ് വൈസ് പ്രസിഡന്‍റ് ഹിന്ത് അല്‍ ഖാസിമി, ഐസിടി ആന്‍ഡ് റിനീവബിള്‍സ് എയറോസ്‌പെയ്‌സ് സിഎഫ്ഒ ശ്രീധര്‍ എസ്. അയ്യങ്കാര്‍, എയറോസ്‌പെയ്‌സ് അസോഷ്യേറ്റ് ഹാഷിം മുഹമ്മദ് ഉബൈദ് അല്‍ കഅ്ബി, ഐസിടി ആന്‍ഡ് റിനീവബിള്‍സ് എയറോസ്‌പെയ്‌സ് സിഇഒ ഓഫീസ് അസോഷ്യേറ്റ് ആലിയ അല്‍ മെമാറി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു.






