വിജയദശമി ആഘോഷവുമായി സി.പി.എം സംഘടനകള്‍; ഹരിശ്രീ കുറിച്ചത് പി.ജയരാജന്‍

വിജയദശമി ദിനത്തില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു

കണ്ണൂര്‍- ഗണേശോല്‍സവത്തിനും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനും രാമായണ മാസാചരണത്തിനും പിന്നാലെ സി.പി.എം പോഷക സംഘടനകളുടെ നേതൃത്വത്തില്‍ വിജയദശമി ആഘോഷവും. സി.പി.എം നിയന്ത്രണത്തില്‍ ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന ഉണര്‍വി പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കല്‍ ചടങ്ങ് നടത്തിയത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാം പത്താം ബ്ലോക്കിലെ രജിതനിധിന്‍ ദമ്പതികളുടെ മകള്‍ മൂന്നു വയസ്സുകാരി നിരഞ്ജനയെ പി.ജയരാജന്‍ അരിയില്‍ ഹരിശ്രീ എഴുതിച്ചു. നാക്കില്‍ സ്വര്‍ണ മോതിരം കൊണ്ടും എഴുതി. ഫാം കോളനികളിലെ 50 കുട്ടികള്‍ പങ്കെടുത്തു. പാര്‍ട്ടി  ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയി കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍, ഫാം ലോക്കല്‍ സെക്രട്ടറി കെ.കെ ജനാര്‍ദനന്‍, അധ്യാപകരായ വി.മുകുന്ദന്‍, കെ.ജെ.മഞ്ജു, ടി.എം രമേശന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എമ്മിന്റെ ജീവകാരുണ്യ സംഘടനയായ ഐ.ആര്‍.പി.സിയുടെയും ആദിവാസി ക്ഷേമസമിതിയുടെയും നേതൃത്വത്തിലാണ് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച്  ഉണര്‍വ് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ആറളം ഫാം പുനരധിവാസ മേഖല ഉള്‍പ്പെടെ 163 കോളനികളില്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


 

 

Latest News