Sorry, you need to enable JavaScript to visit this website.

പാഴ്ഭാരങ്ങൾ പേറാതിരിക്കുക

ഇതൊരു മയക്കുമരുന്നാണ്, പതുക്കെപ്പതുക്കെ അടിപ്പെട്ടു പോകുന്ന മയക്കുമരുന്ന്. മറ്റൊരു പ്രയാസവുമില്ലെങ്കിൽ  ഇഴഞ്ഞിഴഞ്ഞു ആരോഗ്യവും ആയുസ്സും ഒടുങ്ങും വരെ ഇതു തുടരും. ജിദ്ദയിൽ എത്തിയ ആദ്യ നാളുകളിൽ ഷറഫിയയിലെ കടയിൽനിന്നും സാധനങ്ങൾ വാങ്ങിയതിനു ശേഷം  കടക്കാരനുമായുള്ള  കുശലാന്വേഷണത്തിൽ അയാൾ ആത്മഗതമെന്നോണം പറഞ്ഞ വാക്കുകൾ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷവും മനസ്സിൽ മുഴങ്ങുന്നു. 
നാട് വിട്ട് സൗദി അറേബ്യയിൽ   ഉപജീവനം തേടാനെത്തിയ മലയാളികളിൽ ബഹുഭൂരിപക്ഷവും   അവിദഗ്ധ തൊഴിലാളികളായി ഇവിടെയെത്തി അതിജീവനത്തിന്റെ നിതാന്ത പോരാട്ടത്തിൽ ഏർപ്പെട്ടവരാണ്. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത അവർക്കുണ്ടായിരുന്നില്ല, സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്തള്ളപ്പെട്ടവരായിരുന്നു അവർ. പാസ്‌പോർട്ട് വിസ തുടങ്ങിയ ഔദ്യോഗിക രേഖകൾ അധിക പേർക്കും ഉണ്ടായിരുന്നില്ല. ക്രമേണ അതൊക്കെ അവർ സമർത്ഥമായി സംഘടിപ്പിച്ചെടുത്തു. വീട്ട് വേലയിലോ  നിർമാണ മേഖലയിലോ  ആയിരുന്നു കൂടുതൽ പേരും ഉപജീവനം കണ്ടെത്തിയത്. ചിലർ ബലദിയ എന്നറിയപ്പെടുന്ന പ്രാദേശിക സർക്കാർ മേഖലയിൽ  തൊഴിലെടുത്തു. മണ്ണിന്റെ മണമുള്ള കത്ത് പാട്ടുകളിലും വല്ലപ്പോഴും എഴുതി വിടുന്ന കണ്ണീരിന്റെ ഉപ്പുള്ള കത്തുകളിലുമായിരുന്നു അവർ അൽപമെങ്കിലും ആശ്വാസം കണ്ടെത്തിയത്. ഉറ്റവരെ പിരിഞ്ഞതിന്റെ ദുഃഖം അവർ മറന്നത് ഇവിടുത്തെ ഒഴിവുദിന ഒത്തുകൂടലിലും സല്ലാപങ്ങളിലുമായിരുന്നു. ഗൾഫ് നാടുകൾ വളർന്നു. പ്രവാസികളുടെ അവസരങ്ങളും ആസ്തിയും മെച്ചപ്പെട്ടു.
എത്തിയ നാൾ മുതൽ താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്ത് പത്തും മുപ്പതും വർഷം കഴിഞ്ഞ്  തിരിച്ചുപോകുന്ന നാളിലും ഏറെക്കുറെ അതേ ശമ്പളത്തിൽ തന്നെ ജോലി തുടരുന്നവരാണധികവും.  ഒന്നാം ഘട്ട പ്രവാസത്തിൽ, അതായത് തൊള്ളായിരത്തി എഴുപതുകളിൽ  പ്രത്യേകിച്ചും മലബാറിൽ നിന്നെത്തിയ അധികം പേരും ഈ വിഭാഗത്തിൽ പെടുന്നവരായിരുന്നു. അവരുടെ തുഛമായ വരുമാനത്തിൽനിന്നും അവർ മക്കളെ സാമാന്യം മോശമില്ലാത്ത വിദ്യാഭ്യാസം നൽകിയും മികച്ച പാർപ്പിട സൗകര്യമൊരുക്കിയും ക്ഷേമകരമായ കുടുംബം കെട്ടിപ്പടുക്കുന്നതിൽ വ്യാപൃതരായി. പ്രവാസത്തിന്റെ പ്രയാസം നിറഞ്ഞ ആദ്യ നാളുകളിൽ അവർ  സഹിച്ച കഷ്ടതകളും വെല്ലുവിളികളും വായിച്ചറിഞ്ഞും  കേട്ടറിഞ്ഞും കണ്ടറിഞ്ഞും  ബോധ്യപ്പെട്ട കാര്യങ്ങൾ വിവരണാതീതം തന്നെയാണ്.
ഗൾഫ് പ്രവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ ഇവിടെയെത്തിയ ഒട്ടേറെ പേർ തിരികെ നാട്ടിലെത്തി അവരുടെ ശിഷ്ട ജീവിതം കഴിച്ചു കൂട്ടുന്നവരാണ്. പലരും മരണത്തിനും മാറാരോഗങ്ങൾക്കും  കീഴടങ്ങി.  ചിലരുടെ ജീവിതം ഇവിടെ തന്നെ അവസാനിക്കുകയായിരുന്നു. അവരൊക്കെ നമ്മുടെ നാട്ടിനും നാട്ടാർക്കും ചെയ്ത സേവനങ്ങൾ അതീവ മഹനീയമാണ്. നാട്ടിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നിരവധി  വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക ആരോഗ്യ സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ, കൂട്ടായ്മകൾ ഈ വിഭാഗത്തിന്റെ വിയർപ്പിനോടും നിസ്വാർഥമായ ഉദാരതയോടും കടപ്പെട്ടിരിക്കുന്നു. പുതിയ കാലത്തിനും തലമുറയ്ക്കും അതൊന്നും അത്ര വലിയ കാര്യമായി തോന്നണമെന്നില്ല. പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ചുമരിൽ പതുക്കെയൊന്നു കാതു ചേർത്ത് വെച്ചാൽ അവ പറഞ്ഞേക്കും അവയുടെ നിർമാണത്തിൽ പ്രവാസികൾ വഹിച്ച പങ്കും പ്രാർഥനയും.
കാലം മാറി ആദ്യ നാളുകളിലെ സേവന ബോധവും അതിജീവനത്തിനായുള്ള ഒരുമയും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. പുതിയ കാലവും നേതൃത്വങ്ങളും   കച്ചവടത്തിന്റെയും അധികാര ഗർവിന്റെയും വിഭാഗീയതയുടെയും നടുക്കടലിൽ തിമിർക്കുകയാണ്.
മറ്റൊരു വിഭാഗം പ്രവാസികൾ തുടക്കത്തിൽ അവിദഗ്ധ തൊഴിലാളികളായിട്ടാണ് ഇവിടെ എത്തിയതെങ്കിലും അവരുടെ കഠിന പരിശ്രമത്തിലൂടെ വിദഗ്ധ തൊഴിലാളികളെ വെല്ലുന്ന തരത്തിൽ വിവിധ കഴിവുകൾ നേടിയെടുത്തു ഉന്നതമായ ജോലി കരസ്ഥമാക്കിയവരാണ്. അവർ അധികവും പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയവരായിരുന്നു. മണൽ പരപ്പായിരുന്നു അവരുടെ കലാലയം. പല മേഖലകളിലും തൊഴിലെടുത്ത് പല നാട്ടുകാരിൽ നിന്നും   അവർ നേടിയെടുത്ത പരിജ്ഞാനത്തിലൂടെയും വ്യക്തി ബന്ധങ്ങളിലൂടെയും  അവർ ഒരു ക്രീമിലെയറായി വളർന്നു. 
അവരിൽ ചുരുക്കും ചിലർ വൻകിട ബിസിനസുകാരായി വളർന്നു. ചിലർ വൻകിട കമ്പനികളിലെ ഉന്നത തസ്തികകളിൽ അസൂയാവഹമായ സ്ഥാനങ്ങൾ അലങ്കരിച്ചു  കമ്പനികളുടെ നട്ടെല്ലുകളായി വളർന്നു. അവരുടെ ശ്രമഫലമായാണ് വിവിധ സംഘടനകളും കൂട്ടായ്മകളും പ്രവാസികൾക്കിടിയിൽ വേര് പിടിച്ചതും പടർന്നു പന്തലിച്ചതും. അവരിൽ ചിലർ നിസ്സാരമല്ലാത്ത സമ്പത്തും ജനപിന്തുണയും നേടിയെടുത്തു. ചിലർ കൊച്ചു കൊച്ചു കച്ചവടങ്ങൾക്ക് തുടക്കമിട്ടു. അതിൽ വിജയിച്ചു. കാര്യബോധത്തോടെ സമ്പത്ത് വിനിയോഗിച്ചു അവർ മുന്നേറിക്കൊണ്ടിരുന്നു.
ഈ വിഭാഗത്തിൽ പെടുന്ന മറ്റു ചിലർ ധൂർത്തരും ദുരഭിമാനികളുമായി മാറി. വരുമാനത്തിൽ കവിഞ്ഞ ചെലവ് നടത്തി കിട്ടിയ ധനം മുഴുവൻ പാഴാക്കി. വലിയ വീടുകളും മതിലുകളുമൊക്കെ നിർമിച്ചു. ആഡംബര വിവാഹങ്ങൾ നടത്തി പെരുമ കാട്ടി. നാട്ടിൽ എത്തുമ്പോൾ വില കൂടിയ വാടക കാറുകളിൽ നാട്ടുകാർക്കിടയിൽ ഗർവ് കാണിച്ചു. സ്വയം വീരേതിഹാസങ്ങൾ രചിക്കാൻ ശ്രമിച്ചു. ഒടുവിൽ നില കിട്ടാത്ത കടബാധ്യതകളുടെ ആഴക്കയത്തിലേക്ക് കൂപ്പ് കുത്തി.  സമൂഹത്തിനോ കുടുംബത്തിനോ ഉപകരിക്കാത്ത തരത്തിൽ ഇങ്ങനെയുള്ളവരുടെ ധനവും അധ്വാനവും  അവരിൽ നിന്നും വിട്ടകന്നു പോയതിന്റെ നീറുന്ന ഗുണപാഠ കഥകൾ പ്രവാസികൾക്കിടയിൽ സുലഭമാണ്.
മറ്റു ചിലരാണെങ്കിൽ അധികാര ദുര മൂത്തും പേരും പെരുമയുടെ  പിന്നാലെ പാഞ്ഞും പല സംഘടനകളുണ്ടാക്കിയും നന്നായി നടക്കുന്ന സംഘടനകളെ സ്വാർത്ഥ കാര്യങ്ങൾക്കായി   പിളർത്തിയും തളർത്തിയും ആത്മ രതിയിൽ ഏർപ്പെടുന്നു.   വിവിധ  വേദികളിൽ പ്രത്യക്ഷപ്പെട്ടും പത്രമാധ്യമങ്ങളിലും  സോഷ്യൽ മീഡിയകളിലും നിറഞ്ഞാടിയും  അവരുടെ പ്രവാസത്തെ അവർ ആഘോഷമാക്കുന്നു.  ഒരു തരം ലഹരിക്കടിപ്പെട്ടവരെ പോലെയാണിവരിൽ ചിലരെന്നു കാണാം. പ്രവാസത്തിൻെറ ദുഃഖങ്ങൾ മറച്ചുവെക്കുന്നതിൻെറ ഭാഗമായിട്ടാവണം  ചിലരുടെ മനം മടുപ്പിക്കുന്ന  പ്രാഞ്ചിത്തരങ്ങൾ  എന്ന് ചിലരൊക്കെ സ്വകാര്യം പറയുന്നത് കേട്ട്  പലപ്പോഴും  മൗനം പാലിച്ചത് ഓർത്തു പോകുന്നു.
ഇനി മറ്റൊരു വിഭാഗം പ്രവാസികൾ ഉണ്ട്. ഉന്നതമായ വിദ്യ നേടി അഭിമാന പൂർവം ഗൾഫിലെ വിവിധ നിർണായക  മേഖലകളിൽ ജോലിയിൽ പ്രവേശിച്ച് എക്‌സിക്യൂട്ടീവ് പ്രവാസം നയിക്കുന്നവർ. അവർ മെച്ചപ്പെട്ട ശമ്പളവും സ്റ്റാറ്റസും അനുഭവിക്കുന്നവരാണ്. ആർജിച്ച സമ്പത്ത് പരമാവധി ശാസ്ത്രീയമായി  ചെലവഴിക്കാനും വരുമാനത്തിൽ വർധനവുണ്ടാക്കാനും  മിച്ചം വെക്കാനും പിഴക്കാതെ നോക്കുന്ന കണക്കുകൂട്ടലുകളുമായി നാടു വിട്ടവരാണിവർ. ഒഴിവു സമയങ്ങൾ നന്നായി പ്രയോജനപ്പെടുത്തി ഇവർ പ്രവാസത്തെ ആസ്വദിക്കുന്നു. ഇവരുടെ പ്രത്യേകതകളിലൊന്ന് സാമൂഹ്യ സേവന തൽപരതയും  പ്രതിബദ്ധതയും  ഇവരിൽ താരതമ്യേന  വേണ്ടത്ര കാണില്ല എന്നതാണ്. അവരിൽ ചിലരുടെ  ജീവിതത്തിൽ അപ്രതീക്ഷിതങ്ങളായ  വല്ല പൊട്ടിത്തെറികളും  ഉണ്ടാവുമ്പോഴാണ് ഇവരുടെ ജീവിതം എത്ര മാത്രം ഒറ്റപ്പെട്ടതായിരുന്നു എന്ന് പുറംലോകമറിയുക. 
ഇവരുടെ മക്കൾ മികച്ച ഔപചാരിക വിദ്യാഭ്യാസം നേടിയിരിക്കും. എന്നാൽ ഊഷ്മളമായ മാനുഷിക ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും നിലനിർത്തുന്നതിലുമൊന്നും അവർക്ക് വേണ്ടത്ര വിവരവും താൽപര്യവും  പരിചയവും ഉണ്ടാവണമെന്നില്ല. അധികമൊന്നും ഉദാരത കാണിക്കാത്ത ഇത്തരക്കാരുടെ ജീവിത സായഹ്നങ്ങൾ ഏറെ പരിതാപകരമായി മാറുന്നത് അടുത്ത കാലത്തായി നാം വർദ്ധിച്ച തോതിൽ കണ്ടുകൊണ്ടിരിക്കുന്നു. പ്രവാസത്തിലായാലും അല്ലെങ്കിലും മരിച്ചു പോകുന്നതോട് കൂടി മറന്നു പോവുന്ന ഒരു ജീവിതം കൊണ്ടെന്തു കാര്യമെന്ന ചോദ്യം നാം നിരന്തരം ചോദിക്കുക.  നമ്മൾ പേറി നടക്കുന്ന ഒരുപാട് ഭാരം പാഴ്ഭാരമായിരുന്നെന്ന് അപ്പോൾ ബോധ്യപ്പെടും. ആത്മസംഘർഷം ലഘൂകരിക്കപ്പെടും. ആശ്വാസം അനുഭവപ്പെടും. നെട്ടോട്ടങ്ങൾക്കിടയിൽ ജീവിക്കാൻ മറക്കാതിരിക്കുക. 
ആസ്വദിച്ചു ജീവിക്കുമ്പോഴും ആലംബഹീനരെ പരിഗണിക്കുക. വരാനിരിക്കുന്ന  അവശതയുടെ നാളുകളിലേക്ക് ബോധപൂർവം വല്ലതും നീക്കിവെക്കുക. അത്ര തന്നെ.

 

Latest News