'ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് വിളിക്കാറില്ല'; വിവാദമായി ഗുലാം നബിയുടെ വാക്കുകള്‍

ലഖ്‌നൗ- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ സിങ്, ശശി തരൂര്‍ എന്നിവര്‍ക്കു പിന്നാലെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി മറ്റൊരു മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് തന്നെ ഇപ്പോള്‍ ക്ഷണിക്കുന്നത് വളരെ അപൂര്‍വമാണെന്നും നാലു വര്‍ഷത്തോളമായി ഇതാണ് അവസ്ഥയെന്നും ഗുലാം നബി പറഞ്ഞു. ലഖ്‌നൗവില്‍ അലിഗര്‍ മുസ്ലിം യുണിവേഴ്‌സിറ്റി പൂര്‍വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സര്‍ സയ്യിദ് ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി. 'യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊട്ട് ഞാന്‍ അന്തമാന്‍ നിക്കോബാര്‍ തൊട്ട് ലക്ഷ ദ്വീപ് വരെ രാജ്യത്തുടനീളം പ്രചാരണ പരിപാടികള്‍ക്ക് പോയിട്ടുണ്ട്. എന്നെ പ്രചാരണത്തിന് ക്ഷണിക്കുന്നവരില്‍ 95 ശതമാനവും ഹിന്ദു സ്ഥാനാര്‍ത്ഥികളായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇത് 20 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇതിനര്‍ത്ഥം എന്തോ കുഴപ്പമുണ്ട് എന്നാണ്. ഇന്ന് ആളുകള്‍ക്ക് എന്നെ വിളിക്കാന്‍ പേടിയാണ്. അത് വോട്ടിനെ പ്രതികൂലമായി ബന്ധിച്ചേക്കുമെന്ന ആധിയാണ് കാരണം,' മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ ഗുലാം നബി ആസാദ് പറഞ്ഞു. 

ഈ പ്രസ്താവന ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നു പറഞ്ഞ് ബി.ജെ.പി വക്താവ് സാംബിത് പത്ര രംഗത്തെത്തി. രാജ്യത്തിന്റെ മതേതര സ്വഭാവത്തേയും ഹിന്ദു സമുദായത്തേയും അപമാനിക്കുന്നതാണെന്നും ഇത് ഹിന്ദുക്കളെ താറടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണെന്നും പത്ര ആരോപിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയും ഗുലാം നബിക്കെതിരെ രംഗത്തെത്തി. ഇത് കോണ്‍ഗ്രസിന്റെ പ്രശ്‌നമാണെന്നും ഹിന്ദു തീവ്രവാദം ഉണ്ടാക്കിയത് അവരാണെന്നും ഇപ്പോള്‍ അവര്‍ തന്നെ ഈ പ്രചാരണത്തിന്റെ ഇരകളായിരിക്കുകയാണെന്നും സ്വാമി പറഞ്ഞു.

നല്ല ഹിന്ദുക്കള്‍ അയോധ്യയില്‍ മറ്റുള്ളവരുടെ ആരാധനാലയം തകര്‍ത്ത് രാമ ക്ഷേത്രം നിര്‍മ്മിക്കുന്നത് ഇഷ്ടപ്പെടില്ലെന്ന തിരുവനന്തപുരം എം.പി ശശി തരൂരിന്റെ പ്രസ്താവനയും താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന്റെ വോട്ട് ഇടിയുമെന്ന മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ സിങിന്റെ പ്രസ്താവനയും കോണ്‍ഗ്രസിനെ വെ്ട്ടിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തെ തുറന്ന് കാട്ടി ഗുലാം നബിയുടെ പ്രസ്താവന വന്നത്. 


 

Latest News