കണ്ണൂർ - കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിമാന കമ്പനികളുടെ വിദേശ സർവീസുകൾക്കുള്ള ഷെഡ്യൂൾ തയ്യാറായി. വിദേശ സർവീസ് നടത്താൻ സന്നദ്ധമായ കമ്പനികളിൽ എയർ ഇന്ത്യാ എക്‌സ്പ്രസും ഇൻഡിഗോയുമാണ് ഉദ്ഘാടന ദിവസമായ ഡിസംബർ 9 നു തന്നെ സർവീസ് നടത്തുന്നതിനു ഷെഡ്യൂൾ തയ്യാറാക്കിയത്. ഡയറക്‌ട്രേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കുന്ന മുറക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.
ദുബായ്, അബുദാബി, സൗദി, ദോഹ എന്നിവിടങ്ങളിലേക്കാണ് ഷെഡ്യൂൾ തയ്യാറായത്. ഉദ്ഘാടന ദിവസം രാവിലെ അബുദാബിയിലേക്കായിരിക്കും എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ ആദ്യ സർവീസ്. ഇതിനായി ബോയിംഗ് 737-800 വിമാനമാണ് ഉപയോഗിക്കുക. അതേ ദിവസം തന്നെ അബുദാബിയിൽ നിന്നും കണ്ണൂരിലേക്കും സർവീസുണ്ടാവും.
അബുദാബിയിലേക്കു ആഴ്ചയിൽ നാല് സർവീസുകളും മസ്‌കത്തിലേക്കു മൂന്നു സർവീസുകളും ദോഹയിലേക്കു നാല് സർവീസുകളും റിയാദിലേക്കു മൂന്നു സർവീസുകളുമാണ് എയർ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പുതുതായി വാങ്ങിയ ബോയിംഗ് 737 - 800 വിമാനങ്ങളിൽ ഒന്ന് കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നതിനു വിനിയോഗിക്കും. എയർ ഇന്ത്യാ എക്‌സ്പ്രസിനു ഗൾഫ് സെക്ടറിലേക്കു ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നാണ്.
അതിനിടെ ഇൻഡിഗോ എയർലൈൻസ് ആഭ്യന്തര സർവീസുകൾക്കൊപ്പം രാജ്യാന്തര വിമാന സർവീസുകളിലും ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ദുബായിൽ നിന്നും ഡിസംബറിൽ കണ്ണൂരിലേക്കു സർവീസ് നടത്താൻ ഒരുങ്ങുന്നത്. സൗദി അറേബ്യയിൽ നിന്നും ഡിസംബർ, ജനുവരി മാസങ്ങളിൽ സർവീസ് ആരംഭക്കും. ഇത് സംബന്ധിച്ച് സൗദി അധികൃതരുമായുള്ള ചർച്ച പുരോഗമിക്കുകയാണ്. റിയാദ്, ദമാം എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കായിരിക്കും ആദ്യ സർവീസുകൾ. പിന്നീട് കണ്ണൂർ അടക്കമുള്ള സ്ഥലങ്ങളിലേക്കു സർവീസ് ആരംഭിക്കും. ദുബായിൽ നിന്നും അഹമ്മദാബാദ്, അമൃത്‌സർ എന്നിവിടങ്ങളിലേക്കും ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കും സർവീസുകൾ ആരംഭിക്കും. നിലവിൽ ഇൻഡിഗോയ്ക്കു ദുബായ്, മസ്‌കത്ത്, ദോഹ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകളുള്ളത്.
കണ്ണൂരിൽ നിന്നും സർവീസ് നടത്താനായി 15 ഓളം എയർലൈസ് കമ്പനികൾ സന്നദ്ധമായിരുന്നു. ഇതിൽ 9 കമ്പനികളുമായി കിയാൽ അധികൃതർ ധാരണയിലെത്തുകയും ചെയ്തു. അന്തിമ അനുമതിക്കായി എയർ ഇന്ത്യാ എക്‌സ്പ്രസ്, ഇൻഡിഗോ, ഗോ എയർ എന്നിവയടക്കം 5 കമ്പനികളാണ് ഡി.ജി.സി.എയ്ക്കു അപേക്ഷ നൽകിയിരിക്കുന്നത്. വിമാനത്താവളം പ്രവർത്തന ക്ഷമമാവുന്നതോടെ ജെറ്റ് എയർ, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർ തുടങ്ങിയ കമ്പനികളും സർവീസ് ആരംഭിക്കും.