Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.കെ. ശശീ വീണ്ടും സജീവമാകുന്നു;  സി.പി.എമ്മിൽ ചേരിപ്പോര് മുറുകുന്നു

പാലക്കാട് - അപ്രഖ്യാപിത വിലക്ക് മറികടന്ന് ഷൊർണൂർ എം.എൽ.എ പി.കെ. ശശി വീണ്ടും പാർട്ടി വേദികളിൽ സജീവമാകുന്നു; സി.പി.എം ജില്ലാ ഘടകത്തിൽ ചേരിപ്പോര് മുറുകുന്നു. ലൈംഗിക പീഡനാരോപണത്തിന്റെ നിഴലിലുള്ള എം.എൽ.എ ഒന്നര മാസത്തെ ഇടവേളക്കു ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും രണ്ടു പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടത്. ജില്ലാ സെക്രട്ടറിയേറ്റംഗമെന്ന നിലയിൽ സി.പി.എം ശ്രീകൃഷ്ണപുരം ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അദ്ദേഹം മലമ്പുഴയിൽ സി.ഐ.ടി.യുവിന്റെ ശിൽപശാലയിലും സംബന്ധിച്ചിരുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കൂടിയാണ് ശശി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനക്കേസിൽ പാർട്ടിതല അന്വേഷണം നേരിടുന്ന ശശി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ഏരിയാ കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടു നിന്നത് വിവാദമായിട്ടുണ്ട്. പാർട്ടിതല അന്വേഷണം പൂർത്തിയാകുന്നതു വരെ എം.എൽ.എ മാറി നിൽക്കുമെന്ന മുൻധാരണക്ക് വിരുദ്ധമായാണ് ഇപ്പോഴത്തെ നടപടി എന്നാണ് പരാതിക്കാരിയെ പിന്തുണക്കുന്നവരുടെ ആരോപണം. എം.എൽ.എയെ ബഹിഷ്‌കരിക്കുന്നത് തുടരാനാണ് അവരുടെ തീരുമാനം.
എം.എൽ.എ ഉൾപ്പെട്ട കേസ് അവസാനിപ്പിക്കുക എങ്ങനെ എന്നത് സി.പി.എമ്മിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ശശിക്കെതിരേ കർശന നടപടിയുണ്ടായില്ലെങ്കിൽ പോലീസിൽ പരാതി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നാണ് നിയമ കാര്യങ്ങളിൽ അവഗാഹമുള്ള യുവതി നേതാക്കളോട് വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടി നിയോഗിച്ച അന്വേഷണ സംഘത്തിലെ അംഗമായ മന്ത്രി എ.കെ. ബാലൻ ശശിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ തന്നെ ഉയർന്നതാണ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനന്തമായി നീളുന്നത് ജില്ലാ കമ്മിറ്റിയെ വെട്ടിലാക്കിയിട്ടുണ്ട്.
ഷൊർണൂർ മണ്ഡലത്തിലാണ് സി.പി.എമ്മിന്റെ പ്രതിസന്ധി രൂക്ഷം. എം.എൽ.എ പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടാത്തതിനാൽ കഴിഞ്ഞ ഒന്നര മാസമായി മണ്ഡലത്തിൽ സർക്കാർ പരിപാടികളുടെ ചടങ്ങുകളൊന്നും നടക്കുന്നില്ല. വികസന പ്രവർത്തനങ്ങളെ ഇത് ബാധിക്കുന്നതായുള്ള പരാതി പ്രാദേശിക നേതാക്കൾക്കുണ്ട്. അതേസമയം പൊതുചടങ്ങുകളിൽ എം.എൽ.എ പ്രത്യക്ഷപ്പെട്ടാൽ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധവുമായി എത്തുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് ശശി പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടത് എന്നാണ് സൂചന.

Latest News