റിയാദ് - സൗദി അറേബ്യയുടെ ഔദ്യോഗിക എംബ്ലം (രണ്ടു വാളുകളും ഈത്തപ്പനയും) വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ വ്യക്തികൾക്കും സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും പ്രത്യേക ഉപഹാരങ്ങളിലും മറ്റും ദേശീയ എംബ്ലം ഉപയോഗിക്കരുത്. വാണിജ്യാവശ്യങ്ങൾക്ക് ദേശീയ എംബ്ലം ഉപയോഗിക്കുന്നത് വിലക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഒക്ടോബർ ഒന്നിന് ഉത്തരവിട്ടിരുന്നു. രാജകൽപന എല്ലാവരും കർശനമായി പാലിക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സുകൾക്ക് അയച്ച സർക്കുലറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടു. വാണിജ്യാവശ്യങ്ങൾക്ക് ദേശീയ എംബ്ലം ഉപയോഗിക്കരുത്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തും. നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം പറഞ്ഞു.
ദേശീയ എംബ്ലം വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് പ്രസ്സുകളിലും പരസ്യ ഏജൻസികളിലും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളിലും മീഡിയ മന്ത്രാലയം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. രാജകൽപന പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് നഗരസഭകൾക്കും ബലദിയകൾക്കും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവും നിർദേശം നൽകി. വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡുകളിൽ ദേശീയ എംബ്ലം ഉപയോഗിക്കരുതെന്നും മറ്റു വാണിജ്യാവശ്യങ്ങൾക്ക് എംബ്ലം ഉപയോഗപ്പെടുത്തരുതെന്നും സ്ഥാപന ഉടമകളെയും ജീവനക്കാരെയും ഉണർത്തണമെന്ന് നഗരസഭകളോടും ബലദിയകളോടും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.