അവധി നല്‍കാത്ത മേലധികാരിയെ കൊലപ്പെടുത്തിയ പാക് യുവാവിന് ജീവപര്യന്തം

ദുബായ്- ജബല്‍ അലി മേഖലയിലെ ലേബര്‍ ക്യാമ്പില്‍ സൂപ്പര്‍വൈസറെ കുത്തിക്കൊന്ന കേസിലെ പ്രതിയായ പാക്കിസ്ഥാനിക്ക് ദുബായ് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. ഇന്ത്യക്കാരനായ സൂപ്പര്‍വൈസര്‍ അവധി അനുവദിക്കാതിരുന്നതാണ് പാക് യുവാവിനെ പ്രകോപിപ്പിച്ചത്. 2017 ഓഗസ്റ്റിലായിരുന്നു സംഭവം.

അവധിക്കായി ഇയാള്‍ പല തവണ സൂപ്പര്‍വൈസറെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ രോഷാകുലനായ യുവാവ് മേലധികാരിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ പരിശോധനക്കു വിധേയനാക്കിയിരുന്നു. എന്നാല്‍ മാനസികമായി പൂര്‍ണ ആരോഗ്യവാനാണെന്നു കണ്ടെത്തിയതോടെ യുവാവ് കൊലപാതകം ആസൂത്രണം ചെയ്തതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

ജീവപര്യന്തം ശിക്ഷ കഴിഞ്ഞാലുടന്‍ ഇയാളെ നാടുകടത്തും. കൊലപാതകം തടയാന്‍ ശ്രമിച്ച മറ്റൊരു തൊഴിലാളിയെയും ഇയാള്‍ കുത്താന്‍ ശ്രമിച്ചിരുന്നു. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയുമായെത്തിയ യുവാവ് സൂപ്പര്‍വൈസറെ കണ്ടയുടന്‍ കുത്തിവീഴ്ത്തുകയായിരുന്നു.

 

Latest News