അബഹ - മജാരിദയെയും ബാരിഖിനെയും ബന്ധിപ്പിക്കുന്ന അൽശുഹദാ റോഡിൽ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനൊന്നു യൂനിവേഴ്‌സിറ്റി വിദ്യാർഥിനികൾക്ക് പരിക്കേറ്റു. കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റി തിഹാമ ശാഖ വിദ്യാർഥിനികൾ സഞ്ചരിച്ച വാൻ പിക്കപ്പുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ വാനിൽ കുടുങ്ങിയ വിദ്യാർഥിനികളിൽ ഒരാളെ സിവിൽ ഡിഫൻസ് അധികൃതർ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഈ വിദ്യാർഥിനിയെ സിവിൽ ഡിഫൻസ് ആംബുലൻസിൽ മജാരിദ ആശുപത്രിയിലേക്ക് നീക്കി. മറ്റു വിദ്യാർഥിനികളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് നീക്കി.