ദുബായിക്ക് സ്വന്തം ഫോണ്ട്; ശൈഖ് ഹംദാന്‍ ഉദ്ഘാടനം ചെയ്തു

ദുബായ്- പല രംഗങ്ങളിലും പുതുമകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ദബായിയുടെ പേരില്‍ ഇനി ഫോണ്ടും. മൈക്രോസോഫ്റ്റാണ് ചരിത്രത്തിലാദ്യമായി ഒരു നഗരത്തിന്റെ പേരില്‍ അക്ഷര രൂപം പുറത്തിറക്കിയത്. ഇതിന്റെ ഉദ്ഘാടനം ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം നിര്‍വഹിച്ചു.
സര്‍ക്കാരിന്റെ ആശയവിനിമയങ്ങളില്‍ ഈ  ഫോണ്ട് ഉപയോഗിക്കാന്‍ ദബായിലെ സ്ഥാപനങ്ങളോട് അദ്ദേഹം നിര്‍ദേശിച്ചു.
ഡിജിറ്റല്‍ ലോകത്ത് ഒന്നാമതെത്താനുള്ള ശ്രമങ്ങളില്‍ ദുബായ് ഫോണ്ടിന്റെ ഉദ്ഘാടനവും സുപ്രധാന ചുവടാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഓണ്‍ലൈനിലും സ്മാര്‍ട്ട് സാങ്കേതിക വിദ്യകളിലും മറ്റു ഫോണ്ടുകളുടെ കൂട്ടത്തില്‍ ഇതും സ്വീകാര്യമാകുമെന്നും പ്രശസ്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ സഹിഷ്ണുതയും സന്തോഷവുമുള്ള ലോകത്തിലേക്കുള്ള പുതിയ സംഭാവനയാണിതെന്ന് പോയ കാലത്തിന്റെ ആധികാരികതയും വരുംകാല പ്രതീക്ഷകളും ഒത്തുചേരുന്ന ദബായ് ഫോണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കിക്കൊണ്ട് ശൈഖ് ഹാംദാന്‍ പറഞ്ഞു. ഇതിന്റെ ആദ്യ സ്‌കെച്ചു മുതല്‍ പൂര്‍ത്തീകരണംവരെ രൂപകല്‍പനയുടെ ഓരോ ഘട്ടവും താന്‍ കണ്ടതാണെന്നും ഈ സംരംഭം വിജയപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest News