ഹിസാര്‍- കൊലപാതകക്കേസില്‍ വിവാദ ആള്‍ദൈവം രാംപാലിന് ജീവപര്യന്തം ജയില്‍ ശിക്ഷ. ഹരിയാനയിലെ ഹിസാര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. രാം പാലിന്റെ പേരിലുള്ള രണ്ട് കൊലക്കേസുകളില്‍ ഒന്നിലാണ് ശിക്ഷ വിധിച്ചത്. രാംപാല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാമത്തെ കേസില്‍ കോടതി നാളെ വിധി പറയും.
2014 നവംബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം. സത്‌ലോക് ആശ്രമ മേധാവിയായിരുന്ന രാംപാല്‍ രണ്ട് കൊലക്കേസുകളിലും കുറ്റക്കാരനാണെന്ന് ഈ മാസം 12 ന് കോടതി വിധിച്ചിരുന്നു.
വിധിക്കെതിരെ അപ്പീലുമായി ഹൈകോടതിയെ സമീപിക്കുമെന്ന് രാംപാലിന്റെ അഭിഭാഷകന്‍ എ.പി.സിംഗ് പറഞ്ഞു. സത്‌ലോക് ആശ്രമസ്ഥാപകനായ രാംപാലിന് ഒട്ടേറെ അനുയായികള്‍ ഉള്ളതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വിധിപ്രസ്താവത്തോടനുബന്ധിച്ച് രണ്ടായിരത്തോളം സുരക്ഷ ജീവനക്കാരെജയില്‍, കോടതി പരിസരങ്ങളില്‍ വിന്യസിച്ചിരുന്നു.
ഹിസാര്‍ ബാര്‍വാല പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന സത്‌ലോക് ആശ്രമത്തില്‍ 2014 നവംബര്‍ 18ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ കേസ്. 2014 നവംബര്‍ 19 ന് ആശ്രമത്തില്‍ നാല് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രാംപാലിനേയും 27 അനുയായികളേയും പ്രതി ചേര്‍ത്തതാണ് രണ്ടാമത്തെ കേസ്. പഞ്ചാബ്-ഹരിയാ ന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം രാംപാലിനെ അറസ്റ്റ് ചെയ്യതപ്പോള്‍ ആയിരക്കണക്കിന് അനുയായികള്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു.