മുംബൈ- നഗരത്തില്‍ യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച സുഹൃത്ത് പിടിയില്‍. രാജസ്ഥാനില്‍നിന്നെത്തി മുംബൈയില്‍
മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചു കൊണ്ടിരുന്ന മാനസി ദീക്ഷിതിനെ (20) കൊലപ്പെടുത്തിയ വിദ്യാര്‍ഥി മുസമ്മില്‍ സയ്യിദിനെ(20)യാണ് ബാങ്കൂര്‍ നഗര്‍ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുസമ്മില്‍ സയ്യിദിനെ കാണാന്‍ തിങ്കളാഴ്ച അന്ധേരിയിലെ ഫഌറ്റിലെത്തിയതായിരുന്നു മാനസി. സംസാരത്തിനിടെ ഇരുവരും തെറ്റിയതിനെ തുടര്‍ന്ന് മുസമ്മില്‍ മാനസിയുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചുവെന്നും അതിനു ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കിയെന്നും പോലീസ് പറയുന്നു.
മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പേസിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഓട്ടോറിക്ഷയില്‍ കയറി പോയി. കാറില്‍നിന്നിറങ്ങി സ്യൂട്ട് കേസ് ഉപക്ഷേിച്ച യുവാവ് ഓട്ടോയില്‍ കയറി പോകുന്നതു കണ്ട കാര്‍ ഡ്രൈവറാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതദേഹം കണ്ടെത്തി.
സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മുസമ്മില്‍ യാത്ര ചെയ്ത ഓട്ടോറിക്ഷയെ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.