പ്രളയം: കേരളത്തെ ലോക ബാങ്ക് സഹായിക്കും 

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി കേരളത്തിന് 500 ദശലക്ഷം ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് ലോകബാങ്ക്. അടിയന്തരമായി 55 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ തയാറാണെന്നും ലോകബാങ്ക് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ലോക ബാങ്ക് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് വാഗ്ദാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സാമ്പത്തിക സഹായത്തിന് പുറമേ കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നതിന് വേണ്ട ഉപദേശവും ലോക ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയ പുനര്‍നിര്‍മ്മാണത്തിന് സാങ്കേതിക സഹായവും ലോക ബാങ്ക് നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചു. പ്രളയം മൂലം സംസ്ഥാനത്തിന് 25,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ലോക ബാങ്ക് വിലയിരുത്തിയിരുന്നു.
ലോക ബാങ്കിന്റെ സഹായം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തിയാലെ ലോക ബാങ്ക് സഹായം വാങ്ങാന്‍ കഴിയൂ. ഇക്കാര്യം നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയെന്ന് നേരത്തെ മന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു.

Latest News