കാസര്‍കോട്- ട്രെയിനില്‍ സൗഹൃദം സ്ഥാപിക്കാനായി എത്തി അടുത്തിരുന്ന സംഘം നല്കിയ ശീതള പാനീയം കുടിച്ച വയോധികര്‍ അബോധാവസ്ഥയിലായി. ഇവരുടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത ശേഷം സംഘം രക്ഷപ്പെട്ടു. കൊങ്കണ്‍ റെയില്‍വേയില്‍ ചിപ്ലുനില്‍ എത്തിയപ്പോഴാണ് സംഭവം. ഉഡുപ്പി റെയില്‍വേ യാത്രി സംഘ് ട്രഷറര്‍ കിന്നിമുല്‍ക്കിയിലെ രാമചന്ദ്ര ആചാര്യ(60), സഹോദരി രാധമ്മ(75) എന്നിവരാണ് കവര്‍ച്ചക്കിരയായത്. നാസിക്കിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്സ്പ്രസിലെ എസ് 3 ബോഗിയിലായിരുന്നു സംഭവം. സഹയാത്രക്കാരായ 50 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടു പേരാണ് കവര്‍ച്ച നടത്തിയതെന്ന് ഇവര്‍ പരാതിപ്പെട്ടു. വസ്ത്ര വ്യാപാരികളാണെന്നും ദല്‍ഹിയില്‍നിന്നു കേരളത്തിലേക്ക് പോവുകയാണെന്നുമാണ് സംഘം പറഞ്ഞിരുന്നത്. സൗഹൃദത്തിലായതിന് ശേഷം സംഘം നല്കിയ ശീതള പാനീയം രാമചന്ദ്രയും രാധമ്മയും കഴിച്ചു. ഇതോടെ ഇരുവരും അബോധാവസ്ഥയിലാവുകയായിരുന്നു. പുലര്‍ച്ചെ ഒന്നിനു കുന്താപുരത്ത് എത്തിയപ്പോഴാണ് രാമചന്ദ്രയ്ക്കു ബോധം തെളിയുന്നത്. അപ്പോഴേക്കും 45,000 രൂപ, മൊബൈല്‍ ഫോണ്‍, മൂന്നു പവന് സ്വര്‍ണാഭരണങ്ങള്‍, രണ്ടായിരം രൂപയുടെ വസ്ത്രങ്ങള്‍ എന്നിവ കാണാനില്ലായിരുന്നു. സംഘം എപ്പോഴാണ് മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞതെന്ന് ഇരുവര്‍ക്കും ഓര്‍മയില്ല. റെയില്‍വേ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് അന്വേഷണം കാസര്‍കോട് ഭാഗത്തേക്ക് വ്യാപിപ്പിച്ചു.