Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി-തുർക്കി ബന്ധം ഇല്ലാതാക്കാനാകില്ല-സൽമാൻ രാജാവ്

റിയാദ് - സൗദി അറേബ്യയും തുർക്കിയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് കോട്ടം തട്ടിക്കാൻ ആർക്കും കഴിയില്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പറഞ്ഞു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി ഫോണിൽ സംസാരിച്ച രാജാവ് ജമാൽ ഖശോഗിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സൗദി, തുർക്കി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത സംഘം രൂപീകരിക്കണമെന്ന സൗദി നിർദേശം സ്വാഗതം ചെയ്ത തുർക്കി പ്രസിഡന്റിനോട് നന്ദി പറഞ്ഞു. സൗദി അറേബ്യയുമായുള്ള ബന്ധം നിലനിർത്താൻ തുർക്കി എത്രമാത്രം ആഗ്രഹിക്കുന്നുവോ അതുപോലെ തുർക്കിയുമായുള്ള ബന്ധം ശക്തമായി നിലനിർത്തുന്നതിന് സൗദി അറേബ്യയും കൊതിക്കുന്നതായും സൽമാൻ രാജാവ് ഉർദുഗാനോട് പറഞ്ഞു. 
സൗദി അറേബ്യയുമായുള്ള ചരിത്രപരവും ശക്തവുമായ സാഹോദര്യ ബന്ധം തുർക്കി വില മതിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആഗ്രഹിക്കുന്നതായും റജബ് ത്വയ്യിബ് ഉർദുഗാൻ സൽമാൻ രാജാവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു.
അതേസമയം, ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ബ്ലാക്ക്‌മെയിലിംഗുകൾക്ക് കീഴടങ്ങില്ലെന്ന് ശൂറാ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. ഉറച്ച ചുവടുവെപ്പുകളുമായി രാജ്യം എക്കാലവും മുന്നോട്ടു പോകും. കൃത്രിമ പ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും രാജ്യത്തെ പിടിച്ചുകുലുക്കില്ല. ലോകത്ത് എവിടെയും സൗദി പൗരന്മാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണ്. മാനുഷിക പ്രശ്‌നങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്നതും ഇത്തരം പ്രശ്‌നങ്ങളിൽ സൗദി അറേബ്യയെ അപകീർത്തിപ്പെടുത്താൻ മുതലെടുക്കുന്നതും ഒരിക്കലും അംഗീകരിക്കില്ലെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു.
സൗദി അറേബ്യക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ രഹസ്യമല്ലെന്ന് കൗൺസിൽ അംഗം ഡോ. താരിഖ് ഫദ്അഖ് പറഞ്ഞു. കാലാകാലങ്ങളായി സൗദി അറേബ്യ സ്വീകരിച്ചുവരുന്ന നിലപാടുകൾ ഇത്തരം ആരോപണങ്ങളുടെ പൊള്ളത്തരം സ്ഥിരീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഖശോഗിയുടെ തിരോധാനത്തിന് പിന്നിൽ സൗദി അറേബ്യയാണെന്ന ആരോപണം മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ശൂറാ കൗൺസിൽ അംഗം ഡോ. അബ്ദുല്ല അൽജുഗൈമാൻ പറഞ്ഞു. ലോക മുസ്‌ലിംകളുടെ ഖിബ്‌ലയും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നുമായ സൗദി അറേബ്യക്ക് എക്കാലവും സ്വന്തം പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തിൽ അതീവ ശ്രദ്ധയാണുള്ളതെന്ന് മുന ആലുമുശൈത്ത് പറഞ്ഞു. ഭീഷണികൾക്കും ബ്ലാക്ക്‌മെയിലിംഗുകൾക്കും മുന്നിൽ രാജ്യം മുട്ടുമടക്കില്ലെന്നും മുന പറഞ്ഞു. മാനുഷിക പ്രശ്‌നങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് രാജ്യം അംഗീകരിക്കില്ലെന്ന് ശൂറാ കൗൺസിൽ അംഗം ഹുദ അൽഹുലൈസി പറഞ്ഞു. കൃത്രിമ പ്രചാരണങ്ങൾ രാജ്യത്തിന്റെ യശസ്സിനെ ബാധിക്കില്ലെന്നും ജനങ്ങൾ ഒന്നടങ്കം എക്കാലവും ഭരണാധികാരികൾക്കു മുന്നിൽ ഉറച്ചുനിൽക്കുമെന്നും ശൂറാ കൗൺസിൽ അംഗം ഡോ. അഹ്മദ് അൽഗുദ്‌യാൻ പറഞ്ഞു.
 

Latest News