ന്യൂദല്‍ഹി- ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) ധാരാളം പ്രസംഗിച്ചു, എന്നാല്‍ ജനങ്ങളുടെ വിശപ്പിനെക്കുറിച്ചു മറന്നു. ഏറെ യോഗ ചെയ്ത് ജീവിതം ആസ്വദിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ മറന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
പ്രസംഗങ്ങള്‍ നടത്തി, ജീവിതം ആസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ മറന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. പട്ടിണി അലട്ടുന്ന രാജ്യങ്ങളുടെ ആഗോള പട്ടികയില്‍ നൈജീരിയക്കൊപ്പം ഇന്ത്യ 103-ാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിഹാസം. ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 119 രാജ്യങ്ങളുടെ പട്ടികയിലാണ് നൈജീരിയക്കൊപ്പം ഇന്ത്യ ഏറെ പിന്നിലായി ഇടം കണ്ടെത്തിയത്.
വളരെ ഗൗരവപൂര്‍വം കാണേണ്ട ഒരു കാര്യമാണിതെന്നും തങ്ങളുടെ മുന്‍ഗണനാ ക്രമങ്ങള്‍ മാറ്റാന്‍ എന്‍.ഡി.എ സര്‍ക്കാര്‍ തയാറാകണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. മോഡിയും സംഘവും ഒരിക്കലും പട്ടിണിയെക്കുറിച്ചു സംസാരിച്ചിട്ടില്ലെന്നും പട്ടിണി അംഗീകരിക്കുക പോലും ചെയ്യാത്തവര്‍ എങ്ങനെയാണ് പട്ടിണി നിര്‍മാര്‍ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചു. പട്ടിണി നിര്‍മാര്‍ജനം ചെയ്ത് എല്ലാവര്‍ക്കും ഭക്ഷണമെത്തിക്കുന്നതിനാകണം സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ഗെഹ്‌ലോട്ട് ട്വിറ്ററില്‍ കുറിച്ചു.
2017 ല്‍ നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയുടെ പിന്നിലാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.