ശൈഖ് ഹംദാന്റെ ഫിറ്റ്‌നസ് ചാലഞ്ച് ഇക്കൊല്ലവും, 10 ലക്ഷം പേര്‍ എത്തുമെന്ന് പ്രതീക്ഷ

ദുബായ്- യുവജനങ്ങള്‍ക്ക് ആരോഗ്യശീലങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കാനുദ്ദേശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഫിറ്റ്‌നസ് ചാലഞ്ചിന് രണ്ടാം എഡിഷന്‍. ഇത്തവണ 10 ലക്ഷം പേര്‍ ചാലഞ്ചില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
ഫിറ്റ്‌നസ് ചാലഞ്ച് ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 24 വരെ നടക്കും. ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളടക്കം സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരെ ശൈഖ് ഹംദാന്‍ ക്ഷണിച്ചു.
കഴിഞ്ഞവര്‍ഷം തുടങ്ങിയ പദ്ധതിക്ക് ആവേശകരമായ സ്വീകാര്യതയാണു ലഭിച്ചത്. വിവിധയിടങ്ങളിലായി നടക്കുന്ന ഫിറ്റ്‌നസ് ചാലഞ്ചില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ നാട്ടുകാരും പങ്കെടുക്കും. യോഗ ഉള്‍പ്പെടെ ഒട്ടേറെ പരിപാടികള്‍ ഉള്‍പ്പെടുത്തി. വാട്ടര്‍ സ്‌പോര്‍ട്‌സ്, സൈക്ലിങ്, ഓട്ടം, കായികമേളകള്‍, ഉല്ലാസപരിപാടികള്‍ എന്നിവയുമുണ്ടാകും. ഇത്തവണ വിവിധയിടങ്ങളില്‍ ഫിറ്റ്‌നസ് വില്ലേജുകള്‍ ഒരുക്കുന്നുണ്ട്. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും പങ്കാളികളാകാന്‍ അവസരം നല്‍കുകയാണു ലക്ഷ്യം. ഇവിടെ പ്രവേശനം സൗജന്യമായിരിക്കും. മൂവായിരത്തിലേറെ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയും പരിപാടിയെ വ്യത്യസ്തമാക്കുന്നു. 7.86 ലക്ഷം പേര്‍ കഴിഞ്ഞവര്‍ഷം ചാലഞ്ചില്‍ പങ്കെടുത്തതായാണു കണക്ക്.

 

Latest News