അബുദാബി- കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് ധനസമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ 17 ന് അബുദാബിയിലെത്തും. 20 വരെ അദ്ദേഹം ഇവിടെയുണ്ടാകും. 21 ന് മടങ്ങും.
രാവിലെ അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി വ്യാപാര പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 18 ന് അബുദാബി ഇന്ത്യ സോഷ്യല്‍ കള്‍ചറല്‍ സെന്ററില്‍ രാത്രി എട്ടിന് നടക്കുന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഈ മാസം 17 മുതല്‍ 20 വരെയാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് യു എ ഇ യിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്‍പെടെയുള്ളവരും മുഖ്യമന്ത്രിയോടൊപ്പം എത്തുന്നുണ്ട്.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ മൂന്നു ദിവസവും കാലത്ത് വ്യവസായവാണിജ്യ രംഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടത്തും. 19 ന് ദുബായ് അല്‍ നസര്‍ ലിഷര്‍ ലാന്‍ഡില്‍ രാത്രി ഒമ്പതിന് മലയാളികളെ അഭിസംബോധന ചെയ്യും. 20ന് വൈകിട്ട് എട്ടിന് ഷാര്‍ജ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
21 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. യു.എ.ഇയില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ നേതൃത്വത്തിലാണ് ബിസിനസ് രംഗത്തെ പ്രമുഖരുമായുള്ള ആലോചനായോഗങ്ങള്‍ നടത്തുന്നത്. കേരളത്തിനായുള്ള സഹായം സ്വരൂപിക്കുന്നതിനൊപ്പം നവകേരള നിര്‍മാണത്തിന് ആവശ്യമായ അഭിപ്രായങ്ങള്‍ തേടുന്നതും യാത്രയുടെ ലക്ഷ്യമാണ്. യു.എ.ഇയിലെ ലോക കേരളസഭാ അംഗങ്ങളും പരിപാടിയുടെ നടത്തിപ്പിനായി രംഗത്തുണ്ട്.