മുത്തലാഖ്: മുസ്‌ലിംകള്‍ക്കെതിരെ ആക്ഷേപ ശരങ്ങളുമായി യു.പി മന്ത്രി

സ്വാമി പ്രസാദ് മൗര്യ

മുസ്‌ലിം സ്ത്രീകളുടെ ദുരിതമകറ്റാന്‍
പരിഷ്‌കര്‍ത്താക്കള്‍ മുന്നിട്ടിറങ്ങണം -മോഡി

ലഖ്‌നൗ- മുത്തലാഖിന്റെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരെ രൂക്ഷ ആക്ഷേപവുമായി യു.പി മന്ത്രി രംഗത്ത്. ഭാര്യമാരെ ഇഷ്ടം പോലെ  മാറ്റി കാമപൂര്‍ത്തീകരണത്തിനാണ് മുസ്‌ലിംകള്‍ മുത്തലാഖ് ഉപയോഗപ്പെടുത്തുന്നതെന്ന് മന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി പ്രസാദ് മൗര്യ ആരോപിച്ചു. വിവാഹ മോചനം നടത്തി ഭാര്യയേയും മക്കളേയും തെരുവില്‍ യാചനക്കായി ഇറക്കി വിടുന്നത് സ്വന്തം ആഗ്രഹ പൂര്‍ത്തീകരണത്തിനാണെങ്കില്‍ ഒരാളും അംഗീകരിക്കില്ലെന്ന് മൗര്യ പറഞ്ഞു.
മുത്തലാഖ് പ്രശ്‌നം വീണ്ടും സജീവമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവര്‍ ശ്രമിക്കുന്നതിനിടയിലാണ് യു.പി മന്ത്രിയുടെ വിവാദ പരാമര്‍ശം. യാതൊരു കാരണവുമില്ലാതെ ഏകപക്ഷീയ തലാഖിന് ഇരയാകുന്ന മുസ്‌ലിം സ്ത്രീകളോടൊപ്പമാണ് ബി.ജെ.പിയെന്ന് ബസ്തിയില്‍ ബി.ജെ.പി നേതാവിന്റെ വീട്ടിലെ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ മന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇത്തരം ഇരകളെ സഹായിക്കാനും അവര്‍ക്ക് ആദരവ് നേടിക്കൊടുക്കാനും ബി.ജെ.പി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മുത്തലാഖ് പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു. ഇക്കാര്യം മുസ്‌ലിം സമുദായം ഉറപ്പു വരുത്തണം. സമുദായത്തിലെ ബുദ്ധിജീവികള്‍ ഇത്തരം നടപടികള്‍ക്കെതിരെ രംഗത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കണ്ണിലൂടെ മാത്രം മുത്തലാഖിനെ കാണരുതെന്നും ഇതിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദല്‍ഹി വിഗ്യാന്‍ ഭവനില്‍ സാമുദായിക പരിഷ്‌കര്‍ത്താവായിരുന്ന ബാസവയുടെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുത്തലാഖിനെതിരായ ഹരജികള്‍ മെയ് 11 ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് വിഷയം സജീവമാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം. മുത്തലാഖ് കാരണം മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കാന്‍ സമൂഹത്തിലെ പരിഷ്‌കര്‍ത്താക്കള്‍ രംഗത്തു വരണം.
സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും മുത്തലാഖ് ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ അതു തടയാമെന്നും ആള്‍ ഇന്ത്യ വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ശരീഅത്ത് ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ മൂന്നരക്കോടി മുസ്‌ലിം വനിതകള്‍ ഒപ്പിട്ട നിവദേനങ്ങള്‍ ലഭിച്ചതായും ബോര്‍ഡ് വെളിപ്പെടുത്തിയിരുന്നു.

 

Tags

Latest News