ദുബായ്- 25 മാസത്തിനിടെ ഇരുപത്തിമൂന്നാമത്തെ രാജ്യത്ത്. പരിസ്ഥിതി സംരക്ഷണവും ആയുര്‍വേദവും പ്രചരിപ്പിക്കാന്‍ ഇന്ത്യയില്‍നിന്ന് സൈക്കിളില്‍ യാത്രതിരിച്ച ഡോ രാജ് ഫാന്‍ഡന്‍ യു.എ.ഇയിലെത്തി.
ഹരിയാനക്കാരനായ ഡോക്ടര്‍ സൈക്കിള്‍ ബാബ എന്നാണ് അറിയപ്പെടുന്നത്. 2016 ല്‍ കാറപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട വലിയ ദുരന്തത്തിന് ശേഷമാണ് ഡോക്ടറുടെ യാത്ര തുടങ്ങിയത്.
ഇതിനകം 35,000 കിലോമീറ്ററിലധികം സൈക്കിളില്‍ സഞ്ചരിച്ചു കഴിഞ്ഞു. കാര്‍ബണ്‍ മുക്ത യാത്രയില്‍ പല രാജ്യങ്ങളിലായി നട്ടത് അരലക്ഷത്തിലേറെ ചെടികള്‍. സ്കൂള്‍ വിദ്യാര്‍ഥികളും നാട്ടുകാരും തനിക്ക് നല്‍കിയത് നിര്‍ലോഭ പ്രോത്സാഹനമെന്നും ഡോക്ടര്‍.
വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴായിരുന്നു ഭാര്യയുടെ മരണം. ആ നടുക്കത്തില്‍നിന്ന് മോചിതനാകാനാണ് സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിട്ടത്. എന്നാല്‍ കുറേക്കൂടി വലിയതെന്തെങ്കിലും ചെയ്യണമെന്ന മോഹം മനസ്സില്‍ സ്ഥാനം പിടിച്ചു. പരിസ്ഥിതിക്കായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അങ്ങനെയാണുണ്ടായത്. സൈക്കിളില്‍ ലോകം ചുറ്റി ഈ സന്ദേശം പ്രചരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
39 കാരനായ ഡോക്ടര്‍ ആദ്യം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ആറു മാസം കൊണ്ട് ചുറ്റിയടിച്ചു. പിന്നീടാണ് വിദേശത്തേക്ക് കടന്നത്. ഹോങ്കോങ്ങിലെത്തിയ ശേഷം ചൈനയിലേക്കും മംഗോളിയയിലേക്കും പോകാനുള്ള ആഗ്രഹം പ്രതികൂല കാലാവസ്ഥമൂലം നടന്നില്ല. തുടര്‍ന്ന് മധ്യപൗരസ്ത്യദേശത്തേക്ക് തിരിക്കുകയായിരുന്നു. ഹോങ്കോങ്ങില്‍നിന്ന് ഒമാനിലേക്ക് പറന്നെത്തി. യെമനില്‍ പോകാന്‍ യാത്രാവിലക്ക് ഉള്ളതിനാല്‍ സലാലയില്‍നിന്ന് യാത്ര തുടങ്ങി. മസ്കത്തിലൂടെ ഹത്ത വഴി ദുബായിലെത്തി.
മരുഭൂമിയിലെ ചൂടാണ് ഗള്‍ഫിലെ യാത്രയില്‍ വലിയ പ്രതിബന്ധം. ഇറാനാണ് ഡോക്ടറുടെ അടുത്ത ലക്ഷ്യം.






