രാജകീയ വിവാഹത്തില്‍ പങ്കെടുക്കാന്‍  പ്രിയങ്ക ചോപ്ര ലണ്ടനില്‍ 

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര യുകെ ജനതയ്ക്കു ഇപ്പോള്‍ സുപരിചിതയാണ്. മേഗന്‍ മെര്‍ക്കലിന്റെ അടുത്ത കൂട്ടുകാരി എന്ന നിലയില്‍ ഹാരി മേഗന്‍ വിവാഹത്തില്‍ സജീവ സാന്നിധ്യമായിരുന്നു പ്രിയങ്ക. ഇപ്പോഴിതാ എലിസബത്ത് രാജ്ഞിയുടെ മകന്‍ ആന്‍ഡ്ര്യൂ രാജകുമാരന്റെ മകള്‍ യൂജിന്‍ രാജകുമാരിയുടെ വിവാഹത്തിലും വിശിഷ്ടാതിഥിയായി പ്രിയങ്ക എത്തിയിരിക്കുന്നു. 
വിവാഹത്തില്‍ പങ്കെടുക്കുന്നതിനുള്ള വിരുന്നുകാരിയായിട്ടാണ് പ്രിയങ്ക വ്യാഴാഴ്ച ഹീത്രൂവിമാനത്താവളത്തില്‍ ഇറങ്ങിയതെന്നാണ് ബ്രിട്ടീഷ് ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാഹത്തിലെ സ്ഥിര സാന്നിധ്യം ആയിരിക്കും ഇനിയങ്ങോട്ട് പ്രിയങ്ക എന്നാണു വിശേഷണം.
വളരെക്കാലമായി മേഗനുമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തുന്ന പ്രിയങ്ക, ആ വഴി യൂജിന്റെയും കൂട്ടുകാരിയായി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിന്‍ഡ്‌സര്‍ കാസിലിലെ വിവാഹത്തിന്റെ വിവിഐപി ഗസ്റ്റ് ലിസ്റ്റില്‍ പ്രിയങ്കയും ഇടം പിടിച്ചത്. 
പ്രിയങ്ക ഹീത്രുവില്‍ ഇറങ്ങിയശേഷം താരത്തിന്റെ വേഷവിധാനങ്ങളുടെ വിശദമായ വര്‍ണ്ണനകളും മാധ്യമങ്ങള്‍ കൊടുത്തിട്ടുണ്ട്. യുവ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തിന് മുന്നോടിയായി എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരിക്കുകയാണ് പ്രിയങ്ക.
പ്രിയങ്ക അടക്കം 850 അതിഥികളായിരിക്കും പങ്കെടുക്കുന്നത്. അതിഥികളായി ഹാരിയും മേഗനും വില്യം രാജകുമാരനും കേയ്റ്റും, എലിസബത്ത് രാജ്ഞിയും മറ്റ് നിരവധി രാജകീയ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. 

Latest News