സൗദിയിലെ പരിഷ്‌കാരങ്ങള്‍ വിജയത്തിലേക്ക്; ശുഭപ്രതീക്ഷ നല്‍കി ഐ.എം.എഫ് റിപ്പോര്‍ട്ട്

സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദ്്ആന്‍
റിയാദ്- മിക്ക രാഷ്ട്രങ്ങളും വളര്‍ച്ചാ നിരക്കില്‍ പിറകോട്ടു പോകുമെന്ന് പ്രവചിക്കുന്ന അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) റിപ്പോര്‍ട്ടില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും സൗദി അറേബ്യ 2.4 ശതമാനം വരെ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കുന്നു.
ഇന്തോനേഷ്യയിലെ ബാലിയില്‍ ഇന്ന് ആരംഭിക്കുന്ന ഐ.എം.എഫ്, ലോക ബാങ്ക് വാര്‍ഷിക സമ്മേളനങ്ങളുടെ മുന്നോടിയായാണ് അന്തരാഷ്ട്ര നാണയ നിധി ഏറ്റവും പതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ആഗോള തലത്തല്‍ വളര്‍ച്ചാ നിരക്ക് താഴോട്ട് പോകുമെന്നും മിക്ക വികസ്വര രാജ്യങ്ങളുടേയും വളര്‍ച്ചയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. എന്നാല്‍ സൗദി അറേബ്യ ഈ വര്‍ഷം 2.2 ശതമാനവും അടുത്ത വര്‍ഷം 2.4 ശതമാനവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടിലെ പ്രവചനം.
വിഷന്‍ 2030 പദ്ധിക്ക് അനുസൃതമായി സൗദി അറേബ്യയില്‍ നടപ്പിലാക്കി വരുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതാണ് ഐ.എം.എഫ് റിപ്പോര്‍ട്ടെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദ്്ആന്‍ അഭിപ്രായപ്പെട്ടു.
സൗദിയുടെ പുരോഗതി അടയാളപ്പെടുത്തുന്ന പ്രാഥമിക റിപ്പോര്‍ട്ടാണിത്. എണ്ണ ഉല്‍പാദനത്തിലുണ്ടായ വര്‍ധനവും ഇതര മേഖലകളിലെ വളര്‍ച്ചയുമാണ് ഇതിന് സഹായിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ സൗദിയുടെ ആഭ്യന്തരോല്‍പാദനം 1.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 0.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

Latest News