Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനിൽ  കെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ചു; 30 പേർക്ക് പരിക്ക്

മനാമ- ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മനാമക്ക് സമീപം മൂന്നുനിലകെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ചു. ഇന്ത്യക്കാർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം. പഴയ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള റസ്‌റ്റോറണ്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. മരിച്ചവരിലും പരിക്കേറ്റവരിലും ഏറെയും ബംഗ്ലാദേശികളാണ്. പരിക്കേറ്റവരിൽ ചില ഇന്ത്യക്കാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസും പൊലിസും തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ അതിവേഗം സൽമാനിയ, നയീം ഹെൽത്ത് സെന്റർ, ബിഡിഎഫ് ആശുപത്രികളിലേക്ക് മാറ്റി. 
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റ നിലയിലാണ് പലരെയും പുറത്തേക്ക് എത്തിച്ചത്. വാവിട്ട് കരയുന്നവരിൽ പലരുടെയും ശരീരത്തിന് പൊള്ളലേറ്റിരുന്നു. ഒരു മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് പുറത്തെടുത്തത്. 
സംഭവത്തിൽ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത, മുനിസിപ്പൽ, നഗരാസൂത്രണ മന്ത്രിക്ക് നിർദേശം നൽകി.
 

Latest News