പത്തനംതിട്ട-ശബരിമലയിലെ യുവതീ പ്രവേശന വിഷയം സങ്കീർണമാവുന്നു. തുലാമാസ പൂജയ്ക്കായി നട തുറക്കാൻ ഇനി ഒൻപത് ദിവസങ്ങൾ മാത്രമാണ് ബാക്കി. മാസ പൂജയ്ക്കായി നട തുറക്കുമ്പോൾ തന്നെ യുവതികൾ എത്തിയാൽ അവരെ ശബരിമലയിലേക്ക് കയറ്റി വിടാൻ സർക്കാരും ദേവസ്വം ബോർഡും ഒരുക്കങ്ങൾ നടത്തുകയാണ് . എന്നാൽ നിലവിലെ ആചാരം നിലനിർത്തണമെന്നാവശ്യപ്പെട്ട് ഭക്തർ നടത്തുന്ന സമരത്തിന്റെ രൂപം
മാറുകയാണ്. ഇരു വിഭാഗവും വിട്ടുവീഴ്ചയില്ലാതെ നീങ്ങുന്നത് സ്ഥിതി കലുഷിതമാക്കിയേക്കുമെന്നാണ് പോലീസ് നിഗമനം.
ഭക്തർ നടത്തുന്ന നാമജപ പ്രതിഷേധ യാത്രകളിലെ വൻ ജനക്കൂട്ടം സർക്കാരിനെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇതിലെല്ലാം യുവതികളായ സ്ത്രീകളാണെന്നതാണ് മറുഭാഗത്തെ ആശങ്കപ്പെടുത്തുന്നത്. കേവലം സമൂഹ മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് മാത്രം കണ്ടാണ് ഭക്തർ കൂട്ടമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി നാമജപ യാത്രകൾ നടന്നു വരികയാണ്.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നത് ഒക്ടോബർ 17 ന് വൈകിട്ട് 5 ന് ആണ്. കോടതി വിധി വന്ന ശേഷമുള്ള ആദ്യ നട തുറക്കലാണ് അന്ന്. ഒക്ടാബർ 22 വരെ നട തുറന്നിരിക്കും. ശബരിമല നടയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ നറുക്കിട്ടെടുക്കേണ്ടത് ഒക്ടോബർ 18 ന് ആണ്. ഇതിനുള്ള നടപടികൾ ബോർഡ് എടുത്തു വരികയാണ്.
സർക്കാർ കോടതി വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയതോടെ വിഷയം ഓരോ ദിവസം കഴിയുംതോറും സങ്കീർണമാകുകയാണ്. യുവതികളായ സ്ത്രീകളുടെ സാന്നിധ്യം മാസ പൂജയ്ക്ക് വലിയ തോതിൽ ഉണ്ടാകില്ലെന്നാണ് സർക്കാർ കണക്കൂകൂട്ടൽ. സംസ്ഥാനത്ത് വൻ പ്രതിഷേധം നടക്കുന്നതിനാൽ വിശ്വാസികളായ യുവതികൾ തുലാമാസ പൂജയ്ക്ക് എത്താൻ സാധ്യത വളരെ കുറവാണ്. എന്നാൽ ഒറ്റപ്പെട്ട് ആരെങ്കിലും എത്തിയാൽ അവരെ കയറ്റി വിടാനുള്ള ബാദ്ധ്യത സർക്കാരിനുണ്ടുതാനും. അങ്ങനെയെത്തുന്നവരെ തടയുന്നതിനുള്ള നീക്കത്തിലാണ് അയ്യപ്പഭക്ത സംഘടനകളും. അതിനിടെ നാമജപ പ്രതിഷേധത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സമരത്തിന്റെ രൂപവും ഭാവവും നിർണായക ദിനം അടുത്തതോടെ മാറുന്നതും സർക്കാർ നിരീക്ഷിച്ചു വരുന്നുണ്ട്.
പ്രതിഷേധം ശബരിമല പൂങ്കാവനത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നിലയ്ക്കലിൽ കുടിൽ കെട്ടി ആരംഭിച്ച സമരം. ശബരിമല പൂങ്കാവനത്തിലെ ആദിവാസി വിഭാഗങ്ങളുടെ പിന്തുണയും നിലയ്ക്കലിലെ സമരത്തിനുണ്ട്. 1983 ൽ നിലയ്ക്കലിൽ കുരിശ് സ്ഥാപിച്ച് താൽക്കാലിക പള്ളി സ്ഥാപിച്ചതിനെതിരെ നടത്തിയ പ്രസിദ്ധമായ നിലയ്ക്കൽ സമരത്തിന്റെ മാതൃകയിലുള്ള പ്രക്ഷോഭത്തിനാണ് സംഘടനകൾ തയ്യാറെടുക്കുന്നത്. നിലയ്ക്കൽ, എരുമേലി, പമ്പ എന്നിവിടങ്ങൾ താവളമാക്കി സമരം നടത്തുന്നതിലാണ് ഭക്തസംഘടനകൾ ഇനി ശ്രദ്ധ പുലർത്തുകയത്രേ.
എൻ.എസ്.എസ് ഇന്നലെ പുനഃപരിശോധനാ ഹരജി നൽകിയത് ഇവർക്ക് കൂടുതൽ ഊർജം പകർന്നിട്ടുണ്ട്. ബി.ജെ.പിയും ഇന്ന് മുതൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. സംഘപരിവാറിൽ ഉൾപ്പെട്ട സംഘടനകളും പരിവാറിന് പുറത്തുള്ള സംഘടനകളും സമര മുഖം തുറക്കുന്നതിനെ എങ്ങനെ നേരിടണമെന്നാണ് സർക്കാർ ആലോചന. തുലാമാസ പൂജ നടക്കുന്ന അഞ്ച് ദിവസങ്ങൾ കടന്നു കിട്ടിയാൽ പിന്നെ ഒരു മാസത്തെ സാവകാശം സർക്കാരിന് ലഭിക്കും. മണ്ഡലകാല ഉൽസവത്തിനായി ശബരിമല നട നവംബർ 16 ന് ആണ് തുറക്കുന്നത്. ഇടയ്ക്കുള്ള ഒരു മാസത്തിനുള്ളിൽ സമവായ അന്തരീക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയും സർക്കാരിനും ദേവസ്വം ബോർഡിനുമുണ്ട്.