ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ്  കവർച്ച: മൂന്നുപേർ കൂടി അറസ്റ്റിൽ

അറസ്റ്റിലായ ആൽവിൻ, ഷിജു ആന്റോ, റിജീഷ്.

തലശ്ശേരി- ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി പണം തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം തലശ്ശേരി സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂരിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തൃശൂർ ആമ്പല്ലൂർ കള്ളിപ്പറമ്പിൽ വീട്ടിൽ ആൽവിൻ (31), പാലക്കാട് ആലത്തൂർ സ്വദേശി ഷിജു ആന്റോ (39), തൃശൂർ കൊടകര സ്വദേശി റിജീഷ് (34) എന്നിവരാണ് പിടിയിലായത്. റെന്റ് എ കാറിന് വാഹനങ്ങൾ നൽകുന്ന സംഘമാണ് കേസിൽ പിടിയിലായത്. തലശ്ശേരിയിലെ മത്സ്യ മൊത്ത വ്യാപാരി സെയ്ദാർ പള്ളിക്ക് സമീപത്തെ ജഗന്നാഥ ടെമ്പിൾ റോഡിലെ ഹുദയിൽ മജീദിന്റെ വീട്ടിലാണ് മോഷണം നടന്നത്. സെപ്റ്റംബർ 20ന് പുലർച്ചെയായിരുന്നു സംഭവം. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച കെ.എൽ 01 എഎൽ 861 ഇന്നോവയും കെ.എൽ 63 ഇ 5787 ബൊലേനോ കാറും പോലീസ് പിടിച്ചെടുത്തു. പ്രതി ഷിജു ആന്റോ പോലീസ് വേഷത്തിലാണ് മജീദിന്റെ വീട്ടിലെത്തിയിരുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ദീപുവിന്റെ പരിചയത്തിലാണ് റെന്റ് എ കാർ ബിസിനസ് നടത്തുന്ന ഈ പ്രതികൾ വാഹനം വിട്ട് നൽകിയിരുന്നത്. 
സെപ്റ്റംബർ 20ന് പുലർച്ചെ മൂന്നു മണിക്കാണ് അഞ്ചു പേർ തലശ്ശേരിയിലെ മൊത്ത മത്സ്യ വ്യാപാരിയായ പി.പി.എം ഗ്രൂപ്പ് ഉടമ മജീദിന്റെ വീട്ടിൽ എത്തിയത്. മജീദും ഭാര്യയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. ആദായ നികുതി വകുപ്പ് ഓഫീസർ, മൂന്ന് ഉദ്യോഗസ്ഥർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയത്. ആദായ നികുതി വകുപ്പ് ഓഫീസറെന്ന് പരിചയപ്പെടുത്തിയയാൾ തിരിച്ചറിയൽ കാർഡ് കാണിക്കുകയും ചെയ്തു. മുറികളിൽ കയറി പരിശോധിച്ച് അരമണിക്കൂറിനകം തിരിച്ചു പോകുകയും ചെയ്തു. സംഘം കൊണ്ടുവന്ന ഒരു ബാഗ് മടക്കി കൊണ്ടുപോയില്ല. ഇത് അന്വേഷിച്ച് തിരിച്ച് വിളിക്കാതിരുന്നപ്പോഴാണ് വീട്ടുടമക്ക് സംശയമുണ്ടായത്. ഇതേത്തുടർന്ന് മുറിയിലെ പഴ്സിൽ സൂക്ഷിച്ച 25,000 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായി. തുടർന്നാണ് പോലീസിൽ മജീദ് പരാതി നൽകിയത്. തലശ്ശേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ ചിറക്കുനി സ്വദേശി നൗഫൽ മുഖേനയാണ് പ്രതികൾ മജീദിന്റ വീട്ടിൽ കവർച്ചക്കെത്തിയത്. അറസ്റ്റിലായ പ്രതികൾ കൊലപാതക കേസിലുൾപ്പെടെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസിൽ ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. ഇനി രണ്ടു പേരെ കൂടി കിട്ടാനുണ്ട്. തൃശൂർ മാങ്കുളം സ്വദേശി പണപ്രാവിൻ വീട്ടിൽ വിനു (36), തൃശൂർ കൊടകര സ്വദേശി കനകമലയിൽ ചെള്ളാടൻ വീട്ടിൽ ദീപു (33), മലപ്പുറം അരീക്കോട് സ്വദേശി ഏലിക്കോട് വീട്ടിൽ ലത്തീഫ് (42), തലശ്ശേരി ചിറക്കര സ്വദേശി കുൽഷൻ ഹൗസിൽ നൗഫൽ (36) എന്നിവരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Latest News