ഇന്ത്യന്‍ സ്‌കൂള്‍ വാടക തര്‍ക്കം തീരുന്നു; സാധനങ്ങള്‍ മാറ്റുന്നത് നിര്‍ത്തി

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പ്രധാന കെട്ടിടവുമായി ബന്ധപ്പെട്ട വാടക തര്‍ക്കം പരിഹരിക്കപ്പെടുമെന്ന് ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ  ഉമര്‍ സെയ്ദ് ബല്‍കറാമുമായി സ്‌കൂള്‍ നിരീക്ഷകനും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലം സ്‌കൂളില്‍വെച്ച് ചര്‍ച്ച നടത്തി. ഇവരോടൊപ്പം ബല്‍കറമുമായും കോണ്‍സുലേറ്റുമായും അടുത്ത  ബന്ധം പുലര്‍ത്തുന്ന രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. തുടര്‍ ചര്‍ച്ച ഇനിയും നടേക്കണ്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ചര്‍ച്ചയുടെ അന്തിമ ഫലം പുറത്തു വന്നിട്ടില്ലെങ്കിലും അനുകൂലമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്‌കൂളില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി ബഞ്ചും ഡസ്‌കും ഉള്‍പ്പെടെ സാധനങ്ങളെല്ലാം ഗോഡൗണിലേക്ക് നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. എ.സി  ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഇന്നലെ രാവിലെയും സാധനങ്ങള്‍ മാറ്റുന്ന ജോലികള്‍ തുടര്‍ന്നുവെങ്കിലും പിന്നീട് നിര്‍ത്തുകയായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് ചര്‍ച്ചക്കു ശേഷം ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മലയാളം ന്യൂസിനോട് പറഞ്ഞത്. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഒരാഴ്ചക്കകം പശ്‌നം പരിഹരിക്കപ്പെടുമെന്നും ചര്‍ച്ചക്കു ശേഷം പുറത്തുവന്ന കെട്ടിട ഉടമ സ്‌കൂള്‍ കോമ്പൗണ്ടിലുണ്ടായിരുന്ന കുട്ടികളോട് പറഞ്ഞു.

 

Latest News