Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാസിസത്തിന്റെ  പ്രഛന്ന വേഷങ്ങൾ 

ശബരിമല വിധിയെ മറ്റു രാഷ്ട്രീയക്കാർ എങ്ങനെ നോക്കികാണുന്നു എന്നറിയില്ല. പക്ഷേ മണ്ഡലക്കാലം അടുക്കുന്തോറും ഈ വിധിയെ കനത്ത ആശങ്കയോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ഹൈന്ദവ വിഷയങ്ങളിലുറഞ്ഞു തുള്ളുന്ന ശശികല ടീച്ചറുടെ ഈ വിഷയത്തിലെ സംശയകരമായ മൗനം അതാണ് സൂചിപ്പിക്കുന്നത്. അടവുകൾ പതിനെട്ടുമെടുത്തിട്ടും കേരളത്തിൽ യാതൊരു ചലനവുമുണ്ടാക്കാൻ കഴിയാതിരുന്ന ബി.ജെ.പിക്ക് വീണു കിട്ടിയ ഏറ്റവും ശക്തമായ വജ്രായുധമാണ് ശബരിമല. ഹിന്ദു മതവിശ്വാസികളായ ഞാനുൾപ്പെടുന്ന കോൺഗ്രസുകാരും സഖാക്കളുൾപ്പെടുന്ന ഇടതുപക്ഷവും പിന്നെ ഒരു വലിയ വിഭാഗമായ കൈയാലപ്പുറത്തെ തേങ്ങകളായവരും (The Fence Sitters)  നിഷ്പക്ഷ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരുമായ പലരും പലപ്പോഴും ശശികല ടീച്ചറുൾപ്പെടെയുള്ളവരോട് പറയാറുണ്ട്, ഹിന്ദുക്കളുടെ കാര്യം നോക്കാൻ ഞങ്ങൾ ഹിന്ദുക്കൾക്കറിയാം, അതിന് സംഘികളെ ആരും ഇവിടെ നിയോഗിച്ചിട്ടില്ല എന്ന്...അതാണ് ഇപ്പോൾ ബൂമറാങ് ആയി മാറിയിരിക്കുന്നത്.
ഇന്ന് കേരളത്തിലെ വിശ്വാസികളായ ഹിന്ദുക്കളൊരുമിച്ചിരിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ പരീക്ഷിച്ച് വിജയിച്ച അതേ ആയുധം കേരളത്തിലും. ഈ തീ അടുത്തൊന്നും ഇവിടെ അണയുകയില്ല. സംഘപരിവാരങ്ങൾ ആരുമറിയാതെ ആചാരവും വിശ്വാസവുമുള്ള ഹൈന്ദവരുടെ മനസ്സാകുന്ന എരി തീയിലേക്ക് ആരുമറിയാതെ എണ്ണ പകരുന്നുണ്ട്. അത് നാം തിരിച്ചറിയാതെ പോകുന്നു.
ഇതും ഒരു തരം ഫാസിസമാണ്. അതാകട്ടെ, ഒരു മേഖലയേയും ബാക്കി വെക്കാത്ത സർവാധിപത്യ പ്രത്യയ ശാസ്ത്രവുമാണ്. 'ഹിന്ദുത്വ ഫാസിസം' ഒരു ഹിന്ദു അനുകൂല പ്രതിഭാസമല്ല. ഹിന്ദുത്വ ഫാസിസത്തിന് ഹിന്ദുമതവുമായുള്ള ഒരേ ഒരു ബന്ധം ജനപിന്തുണ സമാഹരിക്കാൻ അത് ഹിന്ദു വികാരത്തെ ഉപയോഗപ്പെടുത്തുന്നൂ എന്നുള്ളത് മാത്രമാണ്. ജാതി മേൽക്കോയ്മകളുടെ ഭാഗമായ അദൃശ്യ ഭരണകൂടവും ഫാസിസ്റ്റ് പ്രത്യക്ഷ ഭരണകൂടവും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. ഈ വെല്ലുവിളിയെ വില കുറച്ച് കാണരുത്.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്ത മതനിരപേക്ഷതക്കും ജനാധിപത്യ മൂല്യങ്ങൾക്കും കനത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഈ വിപത്തിനെതിരെ ഒന്നിച്ച് അണിനിരക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
സംഘ്പരിവാർ-ബി.ജെ.പി കൂട്ടുകെട്ട് ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ യുദ്ധോൽത്സുകമായ രാജ്യസ്‌നേഹവുമായി കൂട്ടിയിണക്കി ന്യൂനപക്ഷങ്ങളെ കുരുക്കാനും വർഗീയ ധ്രുവീകരണത്തിനും ഉപയോഗിക്കുകയാണ്. മത ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കി ഭൂരിപക്ഷ സമുദായത്തെ സംഘടിപ്പിക്കുക എന്നത് ഫാസിസ്റ്റ് രീതി തന്നെയാണ്. ഇതിനെ ബുദ്ധിപൂർവം അവർ ദേശഭക്തിയുമായി ചേർത്തിണക്കുന്നു. ഈ ഫാസിസത്തെ വെറും വാചകമടിയിലൂടെയോ, അധര വ്യായാമത്തിലൂടെയോ മാത്രം ചെറുക്കാനാകില്ല.
വ്യക്തമായ സാമൂഹിക രാഷ്ട്രീയ പദ്ധതികളിലൂടെയും പ്രത്യയ ശാസ്ത്ര ജാഗ്രതയിലൂടെയും നിർവഹിക്കേണ്ട കാര്യമാണ്. ഫാസിസത്തിന്റെ ഫ്യൂഡൽ വേരുകളും മധ്യകാല മനോഘടനകളോടുള്ള അഭിനിവേശവും നിലനിൽക്കുമ്പോൾ തന്നെ ഏറ്റവും ആധുനികമായ പ്രതിഭാസങ്ങളോട് പൊരുത്തപ്പെടാനുള്ള അതിന്റെ കഴിവും പഠന വിധേയമാക്കേണ്ടതുണ്ട്. ഓണത്തെ വാമന ജയന്തി വരെ ആക്കാൻ ശ്രമിച്ച ബി.ജെ.പി യുടെ ശബരിമല വിഷയത്തിലെ നിലപാട് ദീർഘ വീക്ഷണത്തോടെയുള്ളതാണ്. അവർക്ക് ഈ വിഷയത്തിൽ  വളരെ കൃത്യമായ അജണ്ടയുണ്ട്. വിശ്വാസ സംരക്ഷണത്തിന് എന്ന പേരിൽ ജനകീയ പ്രക്ഷോഭം അഴിച്ചുവിട്ട് മാറിനിന്ന് 'ഹിന്ദുക്കളുടെ കാര്യം ഹിന്ദുക്കളാണ് നോക്കുന്നത്, മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കില്ല' എന്ന കാപട്യം നിറഞ്ഞ വാക്കുകളോടെ ഇതിൽ അവർ  നേരിട്ട് ഇടപെടാതെ കൈയും  കെട്ടി ഗാലറിയിലിരുന്ന് കളി നിയന്തിക്കുന്നു.
അതാണ് ഈ മൗനത്തിനു പിന്നിലെ ഗൂഢതന്ത്രം. ബി.ജെ.പി ഈ വിഷയത്തെ പാർലമെന്റ് ഇലക്ഷൻ വരെ നീട്ടിക്കൊണ്ടുപോകും. അവസാനം ശബരിമല വിഷയത്തിൽ കേന്ദ്രത്തിൽ നിന്ന് ഒരു രക്ഷകന്റെ വരവുണ്ട്. പ്രതിലോമപരമായ ആശയത്തിന്റെ കൗശലപൂർവ്വമായ സമർത്ഥനത്തിലൂടെ കേരളം 'കഌൻ ബൗൾഡ്'.
ഇവരുടെ ഈ കപട മുഖംമൂടി വലിച്ച് കീറാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ഇവിടെ കോൺഗ്രസ് ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.അവിശ്വാസികളായ കമ്യൂണിസ്റ്റുകളിലുള്ള വിശ്വാസം ഒരു വലിയ വിഭാഗം നിഷ്പക്ഷ ഹിന്ദുക്കൾക്ക് നഷ്ടമായിരിക്കുന്ന ഈ കാലയളവിൽ വിശ്വാസി സമൂഹത്തിന്റെ പൾസ് തിരിച്ചറിഞ്ഞ് പാർട്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാധ്യതകളെ ബുദ്ധിപൂർവ്വം വിനിയോഗിച്ചാൽ മാത്രമേ കൊഴിഞ്ഞുപോകലുകളെ നിയന്ത്രിക്കാൻ കഴിയൂ. മരം കടപുഴകുമ്പോഴല്ല ഉണർന്നു പ്രവർത്തിക്കേണ്ടത്. ഇലകൾ  പൊഴിയുമ്പോഴേ നാം ഉണരണം.
(NB-: ശശികല ടീച്ചറുടെ മൗനം മഹാശ്ചര്യം..നമുക്കും കിട്ടണം കൈയാലപ്പുറത്തെ തേങ്ങകളായ ഹൈന്ദവരുടെ വോട്ട്)

 

Latest News