ഭോപ്പാല്‍-മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വം പയറ്റുകയാണെന്ന ആരോപണം തള്ളി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കമല്‍നാഥ്. ബി.ജെ.പിക്ക് ഹിന്ദുമതത്തിന്റെ വിതരണ അവകാശമില്ലെന്നും ബി.ജെ.പിയേക്കാള്‍ ആഴത്തില്‍ മതമുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതിയുടെ വിവേകരഹിതമായ നിലപാടുകളാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തകര്‍ത്തതെന്ന് കമല്‍നാഥ് ആരോപിച്ചു. കോണ്‍ഗ്രസും ബി.എസ്.പിയും കൈകോര്‍ത്ത് ബി.ജെ.പിയെ തുരുത്താമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മായാവതിയുടെ കടുംപിടുത്തം ഇതു തകര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞു.
ബി.എസ.്പിക്ക് 15 സീറ്റുകള്‍ നല്കാന് കോണ്‍ഗ്രസ് തയാറായ ഘട്ടത്തില്‍ മായാവതി ചോദിച്ചത് 50 സീറ്റുകളായിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3000 ല്‍ കൂടുതല്‍ വോട്ടുകള്‍ ഈ സീറ്റുകളില്‍ നേടാന്‍ ബി.എസ്.പിക്ക് കഴിഞ്ഞിട്ടില്ല. വിജയിക്കില്ലെന്ന് ഉറപ്പുള്ള സീറ്റുകള്‍ ബി.എസ്.പിക്ക് നല്‍കുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാകുമെന്നും കമല്‍നാഥ് പറഞ്ഞു. നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.