ഏദൻ- (www.malayalamnewsdaily.com) ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരുമായുള്ള പോരാട്ടത്തിൽ ഔദ്യോഗിക ഗവൺമെന്റിന് കീഴിലുള്ള സൈന്യം മുന്നേറ്റം തുടരുന്നു. തഇസ് ഗവർണറേറ്റിലെ പടിഞ്ഞാറൻ അൽറയ്ഫിലുള്ള മഖ്ബന ഡിസ്ട്രിക്ടിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ ഹൂത്തി മിലീഷ്യകളുടെ രണ്ട് സൈനിക മേധാവികൾ കൊല്ലപ്പെട്ടു. തഇസ് മീഡിയാ സെന്റർ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ശനിയാഴ്ച വൈകുന്നേരമാണ് ദേശീയ സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ട് കമാണ്ടർമാരും കൊല്ലപ്പെട്ടത്. ഔദ്യോഗിക ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് കടന്നുകയറാനുള്ള ശ്രമത്തിലായിരുന്നു ഹൂത്തികൾ.
നേരത്തെ, ഖഹ്ബാനിലും മുക്കന്നയിലും പരാജയം രുചിച്ച ഹൂത്തികൾക്ക് അബൂ മാലിക്, അബൂമിഹ്‌റാൻ എന്നീ രണ്ടു കമാണ്ടർമാരും ഏതാനും ഭടന്മാരും നഷ്ടമായിരുന്നു. ഖഹ്ബാനിലെ തിബ അൽഖസാനിലും മഖ്ബനിയലെ വാദി അൽജിസ്‌റിലുമായി നടന്ന ഏറ്റുമുട്ടലിലും ഹൂത്തികൾ കനത്ത പരാജയം ഏറ്റുവാങ്ങി. -www.malayalamnewsdaily.com