തിരൂർ- തിരുനാവായ സ്വദേശിയും ബിസിനസുകാരനുമായ ഹംസ(51)യെ കോയമ്പത്തൂരിൽ വച്ച് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തേഞ്ഞിപ്പലം കാക്കഞ്ചേരി സ്വദേശി ഷമീർ(31), താനൂർ സ്വദേശി നൗഫൽ (36) എന്നിവരെയാണ് തിരൂർ പോലീസ്് ഇന്നലെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ ശേഷം തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച് മർദിച്ചവശനാക്കിയ ഹംസയെ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഹംസ. ഒക്ടോബർ മാസം രണ്ടിനാണ് എട്ടംഗ സംഘം തമിഴ്‌നാട്ടിൽ വച്ച് ഹംസയെ തട്ടികൊണ്ടുപോയത്. ഹംസയുടെ ടയോട്ട ഫോർച്യൂണർ കാറും സംഘം കൊണ്ടുപോയിരുന്നു. തുടർന്നു രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച ശേഷം ഹംസയുടെ ഫോണിൽ നിന്നു വീട്ടുകാർക്കു വിളിച്ചു സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടു. 20 ലക്ഷം രൂപ നൽകിയാൽ മാത്രമേ ഹംസയെ വിട്ടുതരികയുള്ളൂവെന്നും വിവരം പോലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്നുമായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ചു ഇക്കഴിഞ്ഞ മൂന്നിനു കുടുംബം ഇവർ പറഞ്ഞയാൾക്കു പത്തു ലക്ഷം രൂപ നൽകി. അറസ്റ്റിലായ രണ്ടു പേരുടെ സാന്നിധ്യത്തിൽ വച്ചായിരുന്നു പണം കൈമാറിയത്. കുടുംബം ഷമീറിനെയും ഷമീർ നൗഫൽ വഴി തട്ടികൊണ്ടുപോയ സംഘത്തിനും പണം എത്തിക്കുകയായിരുന്നു. പിന്നീട് 40 ലക്ഷം രൂപ കൂടി വേണമെന്നായിരുന്നു സംഘം കുടുംബത്തോടു ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ ഹംസയുടെ സഹോദരൻ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. രാമനാട്ടുകരയിൽ വച്ചു നടന്ന പണം കൈമാറ്റത്തിലുണ്ടായിരുന്നവരുടെ പേരു വിവരങ്ങളും ഫോൺ നമ്പറും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ച് തിരൂർ സി.ഐ പി. അബ്ദുൾ ബഷീർ, എസ്‌ഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങൾ രഹസ്യമായി നടത്തിയ അന്വേഷണത്തിലൂടെ രണ്ടു പ്രതികളെ വലയിലാക്കുകയായിരുന്നു.
രാമനാട്ടുകര സ്വദേശിയായ ആൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് ആദ്യം അന്വേഷണം നടത്തി. ഇതിലേക്കു വന്ന ഫോൺ സന്ദേശങ്ങൾ പരിശോധിച്ചു. ഇതോടെ പണം കൈമാറിയ രണ്ടു പേരിലേക്കും അന്വേഷണമെത്തി. സംഭവത്തിൽ എട്ടു മലയാളികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നതായും ഇതിൽ രണ്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കേസിൽ ഇനി ആറു പേർ കൂടി പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ മലയാളിയും മറ്റുള്ളവർ തമിഴ്‌നാട് സ്വദേശികളുമാണ്. രണ്ടു പേർ പോലീസിന്റെ പിടിയിലായെന്നറിഞ്ഞതോടെ വെള്ളിയാഴ്ച സംഘം ഹംസയെ പാലക്കാട് കൊപ്പത്ത് ഇറക്കിവിട്ടു രക്ഷപ്പെടുകയായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട ഇടപാടുകളാകാം തട്ടികൊണ്ടുപോകാൻ കാരണമെന്നാണ് പോലീസ് നിഗമനം. ഇതിനിടെ അറസ്റ്റ് ചെയ്തവരുടെ ദൃശ്യം പകർത്താനും റിപ്പോർട്ട് ചെയ്യാനും പോലീസ് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവർത്തകരെയും പ്രതികളുടെ ആളുകൾ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് തമിഴ്‌നാട്ടിലും കേരളത്തിലുമായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തിരൂർ സി.ഐയുടെ നേതൃത്വത്തിൽ 20 പോലീസുകാർ നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരൂർ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തു.