എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ  ഫ്രറ്റേണിറ്റി പെൺപ്രതിരോധം 

എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ ഫ്രറ്റേണിറ്റി കോഴിക്കോട് സംഘടിപ്പിച്ച പെൺ പ്രതിരോധ സദസ്സ്.
പെൺ പ്രതിരോധം വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്- പെൺകുട്ടികളെ വളഞ്ഞിട്ട് ആക്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട്ട് പെൺ പ്രതിരോധം സംഘടിപ്പിച്ചു.
ഒരേ സമയം സ്ത്രീ രാഷ്ട്രീയത്തെക്കുറിച്ച് അവകാശ വാദങ്ങൾ ഉന്നയിക്കുകയും വിദ്യാർഥിനികളെ തെരുവിൽ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന എസ്.എഫ്.ഐയുടെ കാപട്യത്തെ വിദ്യാർഥിനി സമൂഹം ജനകീയ വിചാരണ നടത്തണമെന്ന് പെൺപ്രതിരോധം അഭിപ്രായപ്പെട്ടു. 
കേരളത്തിലെ വനിതാ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകരും വിവിധ കാമ്പസുകളിൽ എസ്എഫ്‌ഐ മർദനത്തിനിരയായ വിദ്യാർഥിനികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. 
ആർഎംപി നേതാവ് കെ.കെ രമ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, ജിഐഒ സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ, വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് സുബൈദ കക്കോടി, മടപ്പള്ളി കോളേജിലും തെരുവിലും എസ്എഫ്‌ഐയുടെ അക്രമത്തിനിരയായ സൽവ അബ്ദുൽ ഖാദർ, തംജീദ കെ.വി, സഫ്‌വാന എന്നിവർ പരിപാടിയിൽ സംസാരിച്ചു.  

സ്ത്രീത്വത്തെ അപമാനിച്ചും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇതര സംഘടനകളിൽപെട്ട വിദ്യാർഥിനികൾക്കെതിരിൽ അനാശാസ്യ ആരോപണങ്ങൾ ഉന്നയിച്ചും ആണ് എസ്എഫ്‌ഐ സ്ത്രീ രാഷ്ട്രീയത്തോടുള്ള അവരുടെ യാഥാർഥ നിലപാട് വെളിവാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ശ്രീജ നെയ്യാറ്റിൻകര അഭിപ്രായപ്പെട്ടു. ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താന പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് പരിപാടിക്ക് സമാപനം കുറിച്ച് സംസാരിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ്, കോട്ടയം നാട്ടകം കോളേജ്, എം.ജി യൂനിവേഴ്‌സിറ്റി കാമ്പസ്, മടപ്പള്ളി കോളേജ്, പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കണ്ണൂർ യൂനിവേഴ്‌സിറ്റി കാമ്പസ് തുടങ്ങി നിരവധി കാമ്പസുകളിൽ എസ്എഫ്‌ഐയുടെ ശാരീരിക മർദനത്തിനും വെർബൽ അബ്യൂസിങ്ങിനും ഇരയായ വിദ്യാർഥിനികൾ ഇപ്പോഴുമുണ്ടെന്ന് സമാപന പ്രസംഗത്തിൽ അവർ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സുമാ റാണിപുരം സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
 

Latest News