റിയാദ് - (www.malayalamnewsdaily.com) സൗദി അറേബ്യയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പകരം അമേരിക്കക്ക് പണം നൽകില്ലെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി. സൗദി അറേബ്യക്ക് ഭീഷണി നേരിടുന്നതിന് രണ്ടായിരം വർഷമെങ്കിലും കഴിയേണ്ടിവരും. അമേരിക്ക കൈയൊഴിയുന്ന പക്ഷം സൗദി അറേബ്യ രണ്ടാഴ്ചയിൽ കൂടുതൽ കാലം നിലനിൽക്കില്ലേയെന്ന ചോദ്യത്തിന് മറുപടിയായാണ് കിരീടാവകാശി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വായടപ്പിക്കുന്ന മറുപടി നൽകിയത്. അമേരിക്ക നിലവിൽ വരുന്നതിന് മുപ്പതിലേറെ വർഷം മുമ്പ് നിലവിൽ വന്ന രാജ്യമാണ് സൗദി അറേബ്യ.
സംരക്ഷണം നൽകുന്നതിന് പകരം ഒരു രാജ്യത്തിനും സൗദി അറേബ്യ പണം നൽകില്ല. അമേരിക്കയിൽ നിന്ന് ലഭിച്ച ആയുധങ്ങളെല്ലാം പണം കൊടുത്ത് വാങ്ങിയതാണ്. ഒന്നും സൗജന്യമായി ലഭിച്ചിട്ടില്ല. അമേരിക്കക്കു പകരം ഭൂരിഭാഗം ആയുധങ്ങളും മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നതിന് സൗദി അറേബ്യ തീരുമാനിച്ചിരുന്നു.
എന്നാൽ ട്രംപ് അധികാരത്തിലെത്തിയതോടെ ഈ തന്ത്രം മാറ്റുകയായിരുന്നു. അറുപതു ശതമാനം ആയുധങ്ങളും അമേരിക്കയിൽ നിന്നാണ് സൗദി അറേബ്യ വാങ്ങുന്നത്. നാൽപതിനായിരം കോടി ഡോളറിന്റെ ഇടപാടുകളാണിത്. ആയുധങ്ങളിൽ ഒരു ഭാഗം സൗദിയിൽ നിർമിക്കുന്നതിനുള്ള വ്യവസ്ഥകൾ കരാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് അമേരിക്കയിലും സൗദിയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സൗദി-അമേരിക്കൻ ബന്ധം നിലവിൽ വന്നതു മുതൽ അമേരിക്കയിൽ നിന്ന് എല്ലാ വസ്തുക്കളും പണം കൊടുത്ത് വാങ്ങുകയാണ് തങ്ങൾ ചെയ്യുന്നത്. ബരാക് ഒബാമ ഭരണകാലത്ത് മേഖലയിൽ സൗദി അജണ്ടക്ക് എതിരായാണ് അമേരിക്ക പ്രവർത്തിച്ചത്-മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. -www.malayalamnewsdaily.com