തിരുവനന്തപുരം-സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുഴകളിലും തോടുകളിലും ജല നിരപ്പുയരാന്‍ സാധ്യതയുള്ളതിനാൽ മഴയത്ത് ഇറങ്ങാതിരിക്കണം. നദിയില്‍ കുളിക്കുന്നതും തുണി നനക്കുന്നതും കളിക്കുന്നതും ഒഴിവാക്കണം. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളംകയറിയ പ്രദേശങ്ങളിൽ ഉള്ളവരും ടോർച്ച്, റേഡിയോ, കുടിവെള്ളം, മരുന്ന്, ചെറിയ കത്തി, കപ്പലണ്ടി, ഇൗന്തപ്പഴം, ബാറ്ററിയും കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത മൊബൈല്‍ ഫോണ്‍ തുടങ്ങിയവ അടങ്ങിയ എമർജൻസി കിറ്റ് കരുതുക. രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ എളുപ്പം എടുക്കാൻ പറ്റുംവിധം സൂക്ഷിക്കുക. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്ത് വീട്ടിൽ സൂക്ഷിക്കുക. ടി.വിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ജില്ല എമര്‍ജന്‍സി ഓപറേഷന്‍സ് സെൻറര്‍ നമ്പർ 1077. ജില്ലക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് എസ്.ടി.ഡി കോഡ് ചേര്‍ക്കുക. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കുക. വളർത്തുമൃഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചുവിടുകയോ ചെയ്യുക. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.






