ബംഗ്ലാദേശികളാണെന്ന് തെളിയിച്ചാല്‍ കുടിയേറ്റക്കാരെ ഏറ്റെടുക്കാന്‍ തയാര്‍
കൊല്‍ക്കത്ത- ബംഗ്ലാദേശികളാണെന്ന് തെളിയിച്ചാല്‍ ഇന്ത്യയില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരെ ഏറ്റെടുക്കാന്‍ തങ്ങള്‍ തയാറാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഉപദേഷ്ടാവ് ജൗഹര്‍ റിസ്‌വി പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിലാണ് റിസ്‌വി ഇക്കാര്യം പറഞ്ഞത്. അസമിലെ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം ദേശീയ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരിക്കെയാണ് ബംഗ്ലാദേശ് പ്രതിനിധിയുടെ പ്രതികരണം. അനധികൃത കുടിയേറ്റക്കാര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണെന്ന് ഇന്ത്യക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. 40 ലക്ഷത്തിലേറെ ആളുകളെ പുറത്താക്കിക്കൊണ്ടുള്ള ദേശീയ പൗരത്വ രജിസ്റ്ററാണ് (എന്‍.ആര്‍.സി) അന്തിമ കരടായി അസമില്‍ പുറത്തിറക്കിയിരുന്നത്. എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറന്തള്ളുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഭരണ കക്ഷിയായ ബി.ജെ.പിയുടെ പ്രസിഡന്റ് അമിത് ഷാ ഈയിടെ ആവശ്യപ്പെട്ടിരുന്നു.
അസമിലെ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര വിഷയമായാണ് ബംഗ്ലാദേശിലുള്ളവര്‍ കാണുന്നതെന്നാണ് റിസ്‌വി ചോദ്യത്തിനു നല്‍കിയ മറുപടി. അസമിലെ പ്രശ്‌നം മാധ്യമങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രക്രിയ തുടങ്ങിയിട്ടേയുള്ളൂ. നീണ്ട പ്രക്രിയ ഇതിനാവശ്യമാണ്. സമയമാകുമ്പോള്‍ ഇന്ത്യയും ബംഗ്ലാദേശും ഇതേക്കുറിച്ച് ചര്‍ച്ച നടത്തും. സുഹൃദ് രാഷ്ട്രങ്ങള്‍ക്ക് പക്വതയോടെ ഈ വിഷയം കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും ഇന്ത്യ ഇതുവരെ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നം ബംഗ്ലാദേശിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഹിംഗ്യ അഭയാര്‍ഥി പ്രതിസന്ധിയെ കുറിച്ചും റിസ്‌വി വിശദീകരിച്ചു. പത്ത് ലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കിയിട്ടുണ്ട്. ഈ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണം. റോഹിംഗ്യന്‍ പ്രതിസന്ധിയും അനധികൃത കുടിയേറ്റ പ്രശ്‌നവും വേറിട്ടു തന്നെ കാണേണ്ടതാണ്. വംശീയ ഉന്മൂലനത്തിന്റെ ഭാഗമായാണ് റോഹിംഗ്യകളെ മ്യാന്മര്‍ പീഡിപ്പിച്ച് പുറന്തള്ളിയത്. വംശഹത്യയാണ് മ്യാന്മര്‍ നടത്തുന്നത്. അഭയാര്‍ഥികള്‍ക്ക് സാധ്യമാകുന്ന എല്ലാ സഹായങ്ങളും ബംഗ്ലാദേശ് നല്‍കുന്നുണ്ട്. വ്യക്തമായ രേഖകളുണ്ടാക്കിയാണ് ഓരോരുത്തരേയും ബംഗ്ലാദേശ് സ്വീകരിച്ചത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമ്പോള്‍ മ്യാന്മര്‍ ഇവരെ തിരികെ ഏറ്റെടുക്കേണ്ടതുണ്ട്. റോഹിംഗ്യകള്‍ക്ക് അഭയം നല്‍കുകയെന്നത് ബാംഗ്ലാദേശിന്റെ മാത്രം ഉത്തരവാദിത്തമല്ല. പ്രതിസന്ധി ആഗോള പ്രശ്‌നമായി കണ്ട് എല്ലാ രാജ്യങ്ങളും സംഭാവനകള്‍ നല്‍കണം. വേട്ടയാടല്‍ അവസാനിപ്പിച്ച് റോഹിംഗ്യകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാന്‍ അന്താരാഷ്ട്ര സമൂഹം മ്യാന്മര്‍ സര്‍ക്കാരിന്മേല്‍ സമ്മര്‍ദം ചെലുത്തണം. അവരെ ഞങ്ങള്‍ മ്യാന്മറിലേക്ക് തള്ളിവിടില്ല. മ്യാന്മറിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ അവര്‍ സ്വമേധയാ മടങ്ങും -ജൗഹര്‍ റിസ്‌വി പറഞ്ഞു.