കാസർകോട് - മുൻസിപ്പൽ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിമിന് അപകീർത്തിയുണ്ടാകുന്ന വിധമുള്ള ശബ്ദരേഖ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവർസിയർ സി എസ് അജിതയെ സസ്‌പെൻഡ് ചെയ്ത നടപടിക്ക് അംഗീകാരം വാങ്ങുന്നതിനായി വിളിച്ചു ചേർത്ത കാസർകോട് നഗരസഭാ കൗൺസിൽ യോഗത്തിൽ ബി ജെ പി എടുത്ത നിലപാട് ശ്രദ്ധേയമായി. അജണ്ട അംഗീകരിക്കുന്ന വിഷയത്തിൽ സി പി എം ഒഴികെയുള്ള എല്ലാവരും ഒറ്റക്കെട്ടായിരുന്നു.
എന്നാൽ വിഷയം ചർച്ച ചെയ്യുന്നതിനിടയിൽ ഒരേസമയം നഗരസഭ ഭരണസമിതിക്കും സി പി എമ്മിനും പിന്തുണ നൽകികൊണ്ടുള്ള ബി ജെ പി അംഗവും പ്രതിപക്ഷ നേതാവുമായ പി രമേശന്റെ നിലപാടാണ് കൗൺസിൽ യോഗത്തിൽ സ്വീകരിച്ചത്. സെപ്റ്റംബർ 29 ന് ചെയർപേഴ്‌സൻ കൈകൊണ്ട സസ്‌പെൻഷൻ നടപടിക്ക് കൗൺസിലിന്റെ പിന്തുണ തേടിയുള്ള അജണ്ട യോഗത്തിൽ അധ്യക്ഷത വഹിച്ച ബീഫാത്തിമ ഇബ്രാഹിം വായിച്ച ഉടനെ മുസ്‌ലിംലീഗിലെ ഹമീദ് ബെദിര അച്ചടക്ക നടപടിയുടെ ഭാഗമായി അവരെ സർവീസിൽനിന്നുതന്നെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.
തുടർന്ന് ബി ജെ പിയിലെ രവീന്ദ്ര പൂജാരിയും ഇതിനെ പിന്തുണച്ചു. അതോടൊപ്പം തന്നെ മുനിസിപ്പാലിറ്റിയിൽ ഭരണസമിതിക്കും ചെയർപേഴ്‌സണും യാതൊരു നിയന്ത്രണവുമില്ലെന്നും ഉദ്യോഗസ്ഥന്മാർ തോന്നുന്ന രീതിയിലാണ് ഭരണം നടത്തുന്നതെന്ന് ആരോപിക്കുകയും ചെയ്തു.
എന്നാൽ തുടർന്ന് സംസാരിച്ച സി പി എമ്മിലെ എച്ച് ദിനേശ് ഓവർസിയർ അജിതക്ക് അനുകൂലമായ നിലപാട് കൈകൊണ്ടു. സ്വകാര്യ സംഭാഷണം നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കരാറുകാരനാണ് ഒന്നാം പ്രതിയെന്നും അജിതയുടെ ശബ്ദമാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം വാദിച്ചു.
ഈ സമയമാണ് ബി ജെ പിയുടെ പി രമേശൻ സി പി എം കൗൺസിലറുടെ രക്ഷക്കെത്തിയത്. വിട്ടുപോയത് വീണ്ടും പറയാൻ ശ്രമിക്കുമ്പോൾ തടയാൻ വിടില്ലെന്നും ദിനേശന് പറയാനുള്ളത് കേൾക്കണമെന്നും രമേശൻ ശക്തമായി പറഞ്ഞു. നാളെ ഇത് നിങ്ങൾ നമ്മളോടും പറയുമെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശൻ അതിനെ എതിർത്തത്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതിനെ അംഗീകരിക്കുന്നു. എന്നാൽ രമേശൻ പറഞ്ഞത് പോലെ ശബ്ദരേഖയുടെ സത്യാവസ്ഥ പരിശോധിക്കപ്പെടണമെന്നും സി പി എം നിലപാടിനെ പിന്തുണച്ച് ബി ജെ പി കൗൺസിലർ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.
നഗരസഭയിൽ ലീഗ്, ബി ജെ പി കൂട്ടുകെട്ടെന്ന ആരോപണത്തിന് തടയിടുന്നതുമായി ഈ നീക്കം. അഴിമതിക്കെതിരെ ബി ജെ പി നടത്തിയ സമരത്തിനുള്ള അംഗീകാരമാണ് ചെയർപേഴ്‌സന്റെ ഇപ്പോഴത്തെ നടപടിയെന്ന് പറയാനും രമേശൻ മറന്നില്ല.






