ന്യുദല്‍ഹി- ഇറാനുമേലുള്ളു ഉപരോധം അമേരിക്ക കൂടുതല്‍ ശക്തിപ്പെടുത്തുന്ന നവംബറില്‍ ഇന്ത്യ 90 ലക്ഷം ബാരല്‍ എണ്ണ ഇറാനില്‍ നിന്ന് വാങ്ങുമെന്ന് റിപോര്‍ട്ട്. നവംബര്‍ നാലിനാണ് യുഎസ് ഉപരോധത്തിന്റെ അടുത്ത ഘട്ടം പ്രാബല്യത്തില്‍ വരുന്നത്. ഇതനുസരിക്കാതെ ഇറാനുമായി ഇടപാട് തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ റിഫൈനറികള്‍ 1.25 ദശലക്ഷം ടണ്‍ (90 ലക്ഷം ബാരല്‍) എണ്ണയ്ക്കുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞുവെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 60 ലക്ഷം ബാരലും മാംഗ്ലൂര്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് 30 ലക്ഷം ബാരലുകളുമാണ് ഇറാനില്‍ നിന്നു വാങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു കമ്പനികളും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സുപ്രധാന പങ്കാളികളായ ഇറാനുമായും യുഎസുമായും ഇന്ത്യ നിലവിലുള്ള നല്ല ബന്ധം തുടരുമെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒക്ടോബറില്‍ ഇന്ത്യന്‍ കമ്പനികള്‍ ഒരു കോടി ബാരല്‍ എണ്ണയാണ് ഇറാനില്‍ നിന്ന് വാങ്ങിയത്. നവംബറില്‍ 10 ലക്ഷം ബാരലിന്റെ കുറവുണ്ടാകും.
നേരത്തെ യുഎസ് ഇറാനുമേല്‍ ഉപരോധമേര്‍പ്പെടുത്തിയപ്പോഴും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടര്‍ന്നിരുന്നു. എന്നാല്‍ ഇറക്കുമതിയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. യുഎസ് സാമ്പത്തിക രംഗവുമായുള്ള കൂടുതല്‍ അടുപ്പം കാരണം അനിവാര്യമായിരുന്നു ഈ വെട്ടിക്കുറക്കല്‍. ഇത്തവണയും വെട്ടിക്കുറക്കേണ്ടി വരുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം മറ്റു മാര്‍ഗങ്ങളും ആരായുന്നുണ്ട്. യുഎസ് ഭീഷണിയെ തുടര്‍ന്ന് യുറോപ്യന്‍ യൂണിയനും ഇറാനുമായുള്ള ഇടപാടുകള്‍ തുടരാന്‍ മറ്റുവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്. യുഎന്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളെ മാത്രമെ ഇന്ത്യ അംഗീകരിക്കൂവെന്നും ഏതെങ്കിലും രാജ്യങ്ങളുടെ ഉപരോധത്തെ കണക്കിലെടുക്കില്ലെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം നിലപാട് അറിയിച്ചിരുന്നു.