യുഎസ് ഭീഷണിക്കിടെ ഇന്ത്യയും റഷ്യയില്‍ മിസൈല്‍ കരാറില്‍ ഒപ്പിട്ടു

ന്യൂദല്‍ഹി- കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന യുഎസ് ഭീഷണി വകവയ്ക്കാതെ എസ്-400 ട്രയംഫ് മിസൈലുകള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവച്ചു. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് ഇരുവരും കരാറൊപ്പിട്ടതെന്ന്് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരത്തോടെ ഉണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് രണ്ടു ദിവസം മുമ്പ് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം ചൈനയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. എന്നാല്‍ ട്രംപ് ഭരണകൂടവുമായി കൂടുതല്‍ അടുപ്പമുണ്ടാക്കിയ മോഡി സര്‍ക്കാര്‍ ഈ ഭീഷണിക്കു വഴങ്ങുമോ എന്ന് ഉറ്റു നോക്കുകയായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍. പതിറ്റാണ്ടുകളായി ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്ന സുപ്രധാന സൗഹൃദരാജ്യമാണ് റഷ്യ.

ലോകത്തെ ഏറ്റവും ശക്തിയേറിയ അത്യാധുനിക ദീര്‍ഘ ദൂര മിസൈല്‍ സംവിധാനമാണ് റഷ്യയുടെ എസ്-400 ട്രയംഫ്. ചൈനയാണ് ഈ മിസൈലുകള്‍ ആദ്യമായി വാങ്ങിയ വിദേശ രാജ്യം. 2014 ആയിരുന്നു ഇത്. ഇവ റഷ്യ ചൈനയിലെത്തിച്ചു തുടങ്ങിയിട്ടുണ്ട്. എണ്ണം വെളിപ്പെടുത്തിയിട്ടില്ല.

Latest News